• Home
  • News
  • തമിഴ് പുതു ചിത്രം ദര്‍ബാറിൽ സ്റ്റൈല്‍ മന്നന്റെ വില്ലനായി ചെമ്പന്‍ വിനോദ്
chemban vinod in darbar

തമിഴ് പുതു ചിത്രം ദര്‍ബാറിൽ സ്റ്റൈല്‍ മന്നന്റെ വില്ലനായി ചെമ്പന്‍ വിനോദ്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദര്‍ബാറിൽ വില്ലനായി ചെമ്പന്‍ വിനോദ് എത്തുന്നു. എ.ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളികളുടെ പ്രിയതാരം നയന്‍താരയും പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിനെക്കുറിച്ച് മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. അഭിനയ മികവുകൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ ചെമ്പന്‍ വിനോദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍മാരിലൊരാളായാണ് ചെമ്പന്‍ വിനോദ് ചിത്രത്തിലെത്തുന്നതെന്നാണ് ചലച്ചിത്ര ലോകത്ത് നിന്നുള്ള സൂചന. അതേസമയം ദര്‍ബാറിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. സ്‌റ്റൈല്‍ മന്നന്‍ എന്ന പേര് യാഥാര്‍ത്ഥ്യമാക്കും വിധം സൂപ്പര്‍ ലുക്കിലാണ് രജനീകാന്ത് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൂര്യ നായകനായ ചിത്രം 'ഗജിനി' ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. 'ദര്‍ബാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു പൊലീസുകാരനായിട്ടാണ് രജനീകാന്ത് 'ദര്‍ബാറി'ലെത്തുന്നത് എന്നാണ് സൂചന. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില സംസാരമുണ്ട്. മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച 'കത്തി' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് 'ദര്‍ബാര്‍'. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സന്തോഷ് ശിവനാണ് 'ദര്‍ബാര്‍' എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വ്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.