• Home
  • News
  • ആ നടനിൽ തിലകന്റെ പ്രതിഭ ഉണ്ടെന്ന് സംവിധായകൻ ജോഷി
joshi thilakan

ആ നടനിൽ തിലകന്റെ പ്രതിഭ ഉണ്ടെന്ന് സംവിധായകൻ ജോഷി

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജിനെയും ചെമ്പന്‍ വിനോദിനെയും കുറിച്ച് ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിനിടയില്‍ ജോഷി സംസാരിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായ തിലകനില്‍ കണ്ട് പ്രതിഭ തനിക്ക് ചെമ്പന്‍ വിനോദില്‍ കാണാന്‍ സാധിച്ചുവെന്നാണ് ജോഷി അഭിപ്രായപ്പെടുന്നത്.'രണ്ട് നല്ല നടന്‍മാരുണ്ട് ഈ സിനിമയില്‍. ജോജുവും ചെമ്പന്‍ വിനോദും. ജോജുവിനെ ആദ്യം ശ്രദ്ധിക്കുന്നത് ബെസ്റ്റ് ആക്ടറിലാണ്. അതിനു ശേഷം സെവന്‍സിലേക്കു വിളിച്ചു. ജോസഫ് കണ്ടതോടെ അയാള്‍ ഒരുപാട് റേഞ്ചുള്ള നല്ല നടനാണെന്നു ബോധ്യമായി. മറ്റൊരാള്‍ ചെമ്പന്‍ വിനോദാണ്. ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പന്‍ വിനോദ് അഭിനയിക്കൂ. അത് നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.' ജോഷി പറയുന്നു.

ചിത്രത്തില്‍ പുത്തന്‍പള്ളി ജോസ് ആയി ചെമ്പന്‍ വിനോദും ആലപ്പാട്ട് മറിയമായി നൈല ഉഷയും കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും വേഷമിടുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.