മെഗാസ്റ്റാറിന് നന്ദി പറഞ്ഞുകൊണ്ട് ലേഡി സൂപ്പർ സ്റ്റാർ! ഇരു താരങ്ങളും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റി’ന്റെ ചിത്രീകരണം ആരംഭിച്ചു !
മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘ദി പ്രീസ്റ്റി’ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയുമായി ആദ്യമായി ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കു വച്ചിരിക്കുകയാണ് മഞ്ജുവാര്യർ. സിനിമയിൽ വന്നിട്ട് 25 വർഷത്തിലേക്ക് കടക്കുന്ന മഞ്ജു വാര്യർ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർക്കിടയിലും വലിയ കാത്തിരിപ്പാണുള്ളത്. മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം മഞ്ജുവാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. “സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു…, നന്ദി മമ്മൂക്ക” എന്ന കുറിപ്പും ചിത്രത്തിനൊപ്പം മഞ്ജു വാര്യർ ചേർത്തു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നു. ഈ ചിത്രത്തിലെ കഥയും ജോഫിൻ ടി ചാക്കോയുടെ തന്നെയാണ്. ഒരു വൈദികന്റെ വേഷപ്പകർച്ചയിൽ എത്തിയ മമ്മൂട്ടിയുടെ രൂപഭാവം പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ഉളവാക്കിയത്. വളരെ വലിയ നിഗൂഢത പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററിൽ നിഗൂഢമായ പലകാര്യങ്ങളും ഒളിപ്പിച്ചു വെച്ചതായി പ്രേക്ഷകനിൽ തോന്നുന്നു. എന്നാൽ പോസ്റ്ററിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ചോ അതിന്റെ സ്വഭാവത്തെക്കുറിച്ചോ ഇതുവരെയും അണിയറപ്രവർത്തകർ വ്യക്തമായ ഒരു സൂചനയും നൽകിയിട്ടില്ല. ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ മമ്മൂട്ടിയുടെ കഥാപാത്രം ഒരു വൈദികനാകാനാണ് സാധ്യത.
വളരെ രഹസ്യ സ്വഭാവത്തിൽ ചിത്രീകരണ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൽ അണിനിരക്കുന്നത് വലിയ താര നിര തന്നെയാണ്. ശ്രീനാഥ് ഭാസി, നിഖില വിമൽ, ജഗദീഷ്, സാനിയ അയ്യപ്പൻ, മധുപാൽ ടോണി, ബേബി മോണിക്ക, സിന്ധു വർമ്മ അങ്ങനെ നീളുന്നു ചിത്രത്തിലെ താരനിര. ദീപു പ്രദീപും ശ്യാം മേനോനും ഒരുമിച്ചാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വളരെ ആകാംക്ഷാപൂർവ്വം എല്ലാ പ്രേക്ഷകരെയും കാത്തിരിക്കുകയാണ്.