• Home
  • News
  • സുരക്ഷിത യാത്രയൊരുക്കി അഷ്ഗാൽ, അൽ മിർഖാബ്, അൽ ജദീദ്, അൽ സദ്ദ്, ഫരീജ് അൽ നാസർ മേഖ

സുരക്ഷിത യാത്രയൊരുക്കി അഷ്ഗാൽ, അൽ മിർഖാബ്, അൽ ജദീദ്, അൽ സദ്ദ്, ഫരീജ് അൽ നാസർ മേഖലകളിലെ സ്ട്രീറ്റുകൾ വികസിപ്പിക്കുന്നു

ദോഹ: സുഗമമായ ഗതാഗതം ഉറപ്പുവരുത്താനായി അൽ മിർഖാബ്, അൽ ജദീദ്, അൽ സദ്ദ്, ഫരീജ് അൽ നാസർ മേഖലകളിലെ സ്ട്രീറ്റുകൾ വികസിപ്പിക്കാനുള്ള പദ്ധതിക്ക് അഷ്ഗാൽ തുടക്കമിടുന്നു. ഏഴു കിമീ നീളത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഒട്ടേറെ പ്രധാനപ്പെട്ട വാണിജ്യ, താമസ, ആരോഗ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളും പൊതുസ്ഥാപനങ്ങളും ഉൾപ്പെട്ട മേഖലയാണിതെന്ന് അഷ്ഗാലിലെ റോഡ്സ് പ്രോജക്ട്സ് വിഭാഗം ദോഹ സിറ്റി മേഖല മേധാവി എൻജിനീയർ മുഹമ്മദ് അൽ ഖൽദി പറഞ്ഞു. അടുത്ത വർഷം അവസാനം പദ്ധതി പൂർത്തിയാവും. പദ്ധതി നടപ്പാക്കുന്നതിനിടയിൽ താമസക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്ന് അഷ്ഗാൽ അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കാനായി വാഹനയാത്രക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് അഷ്ഗാൽ അഭ്യർഥിച്ചു.

അൽ നസർ സ്ട്രീറ്റ്, അൽ കിനാന സ്ട്രീറ്റ്, മുഹമ്മദ് ബിൻ അൽ ഖാസിം സ്ട്രീറ്റ്, സെയ്ദ് അൽ ഖെയ്‌ൽ സ്ട്രീറ്റ്, അൽ ബസതീൻ സ്ട്രീറ്റ്, അൽ സിയോൾ സ്ട്രീറ്റ്, യാസർ ബിൻ അമ്മർ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് റോഡ് വികസന പദ്ധതികൾ നടപ്പാക്കുക. അൽ കിനാന സ്ട്രീറ്റും സെയ്ദ് അൽ ഖെയ്ൽ സ്ട്രീറ്റും ചേരുന്നിടത്ത്, സി റിങ് റോഡുമായി അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റ് ചേരുന്നിടത്ത്, മുഹമ്മദ് ബിൻ അൽ ഖാസിം സ്ട്രീറ്റിൽ മൂന്നിടത്ത് എന്നിവിടങ്ങളിൽ സിഗ്‌നൽ നിയന്ത്രിത ഇന്റർസെക്‌ഷനുകൾ നിർമിക്കും.1550 കാറുകൾ പാർക്ക് ചെയ്യാനുള്ള പാർക്കിങ് ബേകൾ, തെരുവു വിളക്കുകൾ, കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചുകടക്കാനുള്ള സ്ഥലം, റോഡ് സൂചികകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഏഴു കിമീ നീളത്തിൽ കാൽനടപ്പാതകൾ നിർമിക്കും. ചില സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കു വിശ്രമിക്കാനുള്ള സ്ഥലങ്ങളുമുണ്ടാകും. ഇതോടൊപ്പം, മഴവെള്ള നിർമാർജനം, മലിനജല നിർമാർജനം, ജലസേചനം എന്നിവയ്ക്കുള്ള സംവിധാനവും ഏർപ്പെടുത്തും. 12.30 കോടി റിയാൽ ചെലവുവരുന്ന പദ്ധതി നടപ്പാക്കുന്നത് അൽ ഡാർവിഷ് കമ്പനിയാണ്.

Related News

Recent Updates