• Home
  • News
  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി

വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ഫലങ്ങളും പുറത്തുവന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ജനപ്രതിനിധി സഭ(ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) ഡെമോക്രാറ്റുകള്‍ തിരിച്ചു പിടിച്ചു. അതേസമയം, സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തി.സെനറ്റിൽ ഫലം വന്ന മാസച്യുസെറ്റ്‌സിൽ ഡമോക്രറ്റിക് സ്ഥാനാർഥി എലിസബത്ത് വാരൻ വിജയിച്ചു. വെർമൗണ്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബർണി സെൻഡേഴ്‌സിനാണു വിജയം. ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റിനൊപ്പമാണ്. സെനറ്റർ ബോബ് മെനൻഡസ് മൂന്നാം തവണയും ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു. ട്രംപിന് ആശ്വാസം പകർന്ന് ഫലം വന്നതിൽ ഒരു റിപ്പബ്ലിക്കൻസ് കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യാനയിൽ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹോദരൻ റിപ്പബ്‌ളിക്കൻ സ്ഥാനാർഥി ഗ്രെഗ് പെൻസ് വിജയിച്ചു.

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്കും വോട്ടെടുപ്പ് നടന്നു. ഇരുസഭകളിലും ഇപ്പോൾ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് അതു നിലനിർത്തണമെങ്കിൽ മികച്ച ജയം അനിവാര്യമാണ്. 435 അംഗ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235, ഡമോക്രാറ്റിക് പാർട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോഴാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് ട്രംപിന്റെ പാർട്ടിക്കുള്ളത്. ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയാൽ അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യു.എസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്‌മെന്റ് നടപടികൾക്കു വേദിയൊരുങ്ങാനും സാധ്യതയുണ്ട്. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ഇത് കണക്കാക്കുന്നത്. ഉച്ചയോടെ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

Recent Updates