കൊവിഡിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഗുളികകള്‍; സത്യാവസ്ഥ വ്യക്തമാക്കി ഹമദ് അധികൃതര്‍
ദോഹ: കൊവിഡിനെ പ്രതിരോധിക്കുന്നതിന് അമിതമായി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹമദ് മെഡിക്കല്‍ കോര്പറേഷന് രംഗത്ത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെയുള്ള വിറ്റാമിന്‍ ഗുളികകളുടെ അമിത ഉപയോഗം വലിയ പ്രത്യാഘാതം സഷ്ടിക്കുമെന്ന് ഹമദ് അധികൃതര്‍ അറിയിച്ചു.
കൊവിഡിനെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് വിറ്റാമിന്‍ ഗുളികകളെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണമുണ്ട്. എന്നാല്‍ വൈറസ് ബാധക്കെതിരെ ഫലപ്രദമായ പ്രതിരോധ മരുന്നായി വിറ്റാമിന്‍ ഗുളികകള്‍ ഉപയോഗിക്കാമെന്നത് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശിക ഫാര്‍മസികളില്‍ വിറ്റാമിന്‍ സി, ഡി, സിങ്ക് തുടങ്ങിയ ഗുളികകള്‍ക്കായി നിരവധിപേര്‍ കൊവിഡ് കാലത്ത് എത്തുന്നുണ്ട്. ഇത്തരം ഗുളികകളുടെ അമിത ഉപയോഗവും ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഗുളികകള്‍ ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിലും വര്‍ധിപ്പിക്കുന്നതിലും വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും വലിയ പങ്കുണ്ട്. എന്നാല്‍ കൊവിഡ് പോലെയുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയെന്നോണം ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
വിറ്റാമിന്‍ സിയുടെ അമിത ഉപയോഗം അതിസാരം, മനം പിരട്ടല്‍, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മൂത്രാശയത്തിലെ കല്ലിന് വരെ കാരണമാകും. വിറ്റാമിന്‍ ഡി ഗുളികകള്‍ ഉപയോഗിക്കുന്നത് രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന ഹൈപ്പര്‍കാല്‍സീമിയ രോഗത്തിന് കാരണമാകും.
ഹൃദയസ്പന്ദനത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥകള്‍ ഇതുമൂലം സംഭവിക്കാനിടയുണ്ട്. സിങ്ക് ശരീരത്തിന് അനിവാര്യമായ ധാതു ആണ്. മുറിവുണക്കുന്നതിന് സിങ്ക് പ്രധാനപ്പെട്ടതാണ്. എന്നാല്‍ കൊവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ സിങ്കിന്റെ പങ്ക് സംബന്ധിച്ച് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പുതിയ വിറ്റാമിന്‍ ഗുളികകള്‍, ധാതു പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം, വ്യായാമം, സാമൂഹിക അകലം പാലിക്കല്‍, മറ്റു മുന്‍കരുതല്‍ സ്വീകരിക്കല്‍ എന്നിവയാണ് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായി നിലവില്‍ അംഗീകരിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.