ഇവികളും ചാർജിങ് യൂണിറ്റുകളും നിർദേശങ്ങൾ പാലിക്കണം
ദോഹ ∙ ഇലക്ട്രിക് വാഹന(ഇവി)ങ്ങൾക്കും ചാർജിങ് യൂണിറ്റുകൾക്കുമുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്റാമ) ദേശീയ ഊർജ കാര്യക്ഷമതാ പദ്ധതിയായ തർഷീദാണ് പുതിയ മാർഗനിർദേശങ്ങൾ അടങ്ങിയ ഗൈഡ് പുറത്തിറക്കിയത്.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. ഊർജ ഉറവിടത്തിന്റെ വൈവിധ്യവൽക്കരണവും കാർബൺ പ്രസരണം കുറയ്ക്കലും ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നത്. ഏത് തരം ചാർജറുകൾ, ചാർജിങ് ഉപകരണങ്ങൾ, പൊതുവായ നിബന്ധനകൾ, ചാർജിങ് ശേഷി, പേയ്മെന്റ് ശേഖരണത്തിനുള്ള മാർഗങ്ങൾ, സ്ക്രീൻ, ഡിസ്പ്ലേ, ചാർജ്-പോയിന്റ് പ്രോട്ടോക്കോൾ, ഐപി റേറ്റിങ് തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ ഇവി ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി കൂടിയാണ് ഗൈഡ്.
വ്യത്യസ്ത ശേഷികളിലുള്ള ചാർജിങ് യൂണിറ്റുകൾ, ഏത് ലൊക്കേഷനുകളിലാണ് യൂണിറ്റുകൾ അനുയോജ്യം തുടങ്ങിയ കാര്യങ്ങളും ഗൈഡിലുണ്ട്. പൊതുസ്ഥലങ്ങളിൽ ഡിസി ചാർജറുകൾ ഉപയോഗിക്കാനാണ് കഹ്റാമ നിർദേശിച്ചിരിക്കുന്നത്. ചാർജ് ആകാൻ ഒരു മണിക്കൂറിൽ താഴെ സമയം മതിയെന്നതാണ് ഇതിന്റെ നേട്ടം. കഹ്റാമയും ഗതാഗത വാർത്താവിനിമയ മന്ത്രാലയവും ചേർന്നാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്. ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ കമ്പനികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് അധികം താമസിയാതെ പ്രഖ്യാപിക്കും. കഹ്റാമയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ ഇവി ചാർജിങ് യൂണിറ്റുകൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ അറിയാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.