ബഹ്റൈനിലും സൗദിയിലും ജനങ്ങൾക്ക് കോവിഡ് വാക്സീൻ നൽകി തുടങ്ങി; സൗജന്യം
മനാമ/റിയാദ് ∙ സൗദി അറേബ്യയിലും ബഹ്റൈനിലും പൊതുജനങ്ങൾക്ക് കോവിഡ്19 വാക്സീൻ നൽകിത്തുടങ്ങി. സൗദിയിൽ ഫൈസർ കോവിഡ് വാക്സീൻ ആണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ ആദ്യ വാക്സീൻ സ്വീകരിച്ചു. ബഹ്റൈനിൽ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സീൻ സ്വീകരിച്ചു. ഇരുരാജ്യങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും വാക്സീൻ സൗജന്യമായിരിക്കും.
യുഎഇയിൽ ദിവസങ്ങൾക്ക് മുൻപ് പൊതുജനങ്ങൾക്ക് വാക്സീൻ ആരംഭിച്ചിരുന്നു. ഫൈസർ വാക്സീന്റെ ആദ്യ ബാച്ച് രാജ്യത്ത് ഇറക്കുമതി ചെയ്തതായി അറിയിച്ചതിന് പിന്നാലെയാണ് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ ആദ്യ വാക്സീൻ സ്വീകരിച്ചത്. തുടർന്ന് സ്വദേശികളായ ഒരു പുരുഷനും സ്ത്രീക്കും വാക്സീൻ നൽകി വാക്സീനേഷൻ പ്രചാരണം ആരംഭിച്ചു.
വാക്സീൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതായും താൽപര്യപ്പെടുന്ന എല്ലാവർക്കും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മേഖലകളിലുമായി 550 കേന്ദ്രങ്ങളിലൂടെയായിരിക്കും വാക്സീൻ വിതരണം. ഒന്നര ലക്ഷത്തിലേറെ പേരാണ് വാക്സീൻ സ്വീകരിക്കാൻ താൽപര്യമറിയിച്ച് സഹ്വതീ എന്ന മൊബൈൽ ആപ്ളിക്കേഷനിൽ റജിസ്റ്റർ ചെയ്തത്. വാക്സീൻ സൗജന്യമായാണ് നൽകുന്നതെങ്കിലും സ്വീകരിക്കാൻ ആരേയും നിർബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ബഹ്റൈനിൽ ദേശീയ വാക്സീനേഷൻ ക്യാംപെയ്ന് ഔദ്യോഗിക തുടക്കമായി. മനാമയിലെ വാക്സീനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ വാക്സീൻ സ്വീകരിച്ചത്.
തുടർന്ന് പ്രവാസികളും സ്വദേശികളുമായ ഒട്ടേറെപ്പേർ വാക്സീൻ സ്വീകരിച്ചു. ബഹ്റൈനിൽ വാക്സീൻ സ്വീകരിക്കാൻ താൽപര്യമുള്ളവർ healthalert.gov.bh എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.