വാക്സിനേഷൻ മന്ദഗതിയിൽ; ഇതുവരെ എടുത്തത് 15,000 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുന്നത് മന്ദഗതിയിൽ. ഡിസംബർ 24നാണ് രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ഇതുവരെ 15000ത്തിൽ താഴെ പേർക്ക് മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. 48 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയിൽ ഒരു ശതമാനത്തിനുപോലും വാക്സിനേഷൻ പൂർത്തിയാവണമെങ്കിൽ ജനുവരി കഴിയേണ്ടി വരും. ആഗോളതലത്തിലെ വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ വാക്സിനേഷൻ നിരക്കിൽ കുവൈത്ത് പിന്നിലാണ്.
21 ശതമാനം പൂർത്തിയാക്കിയ ഇസ്രായേലാണ് മുന്നിൽ. 11 ശതമാനം പൂർത്തിയാക്കിയ യു.എ.ഇ ആഗോളതലത്തിൽ രണ്ടാമതും അറബ് മേഖലയിൽ ഒന്നാമതുമാണ്. അഞ്ചുശതമാനത്തിലേറെ പൂർത്തിയാക്കിയ ബഹ്റൈനാണ് ഗൾഫ് രാജ്യങ്ങളിൽ തൊട്ടുപിന്നിലുള്ളത്. അമേരിക്കയിൽ രണ്ടു ശതമാനവും ഡെൻമാർക്കിൽ 1.98 ശതമാനവും പൂർത്തിയായി. കുവൈത്തിൽ മുൻഗണന വിഭാഗത്തിൽനിന്ന് ആരോഗ്യ പ്രവർത്തകർ, മാറാരോഗികൾ, പ്രായമായവർ എന്നിവർക്കാണ് ഇപ്പോൾ വാക്സിൻ നൽകിവരുന്നത്. വരും മാസങ്ങളിൽ കൂടുതൽ ബാച്ച് എത്തുന്നതിനനുസരിച്ച് സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ നൽകും. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ ഹാൾ അഞ്ചിലാണ് ഇപ്പോൾ കുത്തിവെപ്പ് നടക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.