• Home
  • News
  • ബജറ്റിൽ പ്രവാസികൾക്ക് സന്തോഷവും പ്രതീക്ഷയും; നടപ്പിലാകുമോയെന്ന് ചിലർക്ക് ആശങ്ക

ബജറ്റിൽ പ്രവാസികൾക്ക് സന്തോഷവും പ്രതീക്ഷയും; നടപ്പിലാകുമോയെന്ന് ചിലർക്ക് ആശങ്ക

ദുബായ് ∙ ധനമന്ത്രി തോമസ് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾ സന്തോഷവും പ്രതീക്ഷയും പങ്കുവയ്ക്കുമ്പോൾ ചിലർ ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന നടപടിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും ശമ്പളം കുറഞ്ഞും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരക്കാരെ സംരക്ഷിക്കണമെന്നു ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയതെന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ അഭിപ്രായപ്പെടുന്നു. 

പുതിയ കാല  തൊഴിലുകളിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിലേക്ക് പ്രവാസികളുടെ നിർണായക പങ്കാളിത്തം ഉറപ്പു വരുത്തുന്നതോടൊപ്പം പ്രവാസികളുടെ നൈപുണ്യവും സമ്പാദ്യവും ലോകപരിചയവും ഉറപ്പു വരുത്തുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം പ്രതീക്ഷാ നിർഭരമാണെന്ന് യുവ വ്യവസായി ഇഖ് ബാൽ മാർക്കോണി പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള ലോകക്രമത്തിൽ മാറിയ തൊഴിൽ സാഹചര്യങ്ങളെ അഭിമുഖരിക്കാൻ പ്രവാസികളെ പ്രാപ്തരാക്കുകായും പ്രവാസി സൗഹൃദ വാണിജ്യ വ്യവസായ മുന്നേറ്റങ്ങൾക്ക് ഊർജം പകരുന്നതുമാണെമെന്നും ഇഖ്ബാൽ കൂട്ടിച്ചേർത്തു. 

ബജറ്റിലെ പ്രവാസി വാഗ്ദാനങ്ങൾ ഏറെയുണ്ടെന്നും അത് നടപ്പിലായാൽ വിപ്ലവം തന്നെ സൃഷ്ടിക്കപ്പെടുമെന്നും ഷാർജ കേന്ദ്രീകരിച്ച് ട്രാവൽ ബിസിനസ് ചെയ്യുന്ന ആഫി അഹമദ് പറഞ്ഞു. 

എല്ലാ ബജറ്റിലും പ്രവാസികൾക്ക് എന്തെങ്കിലും വാഗ്ദാനങ്ങൾ കാണുമെന്നും എന്നാലത് പിന്നീട് ജലരേഖകളായിപ്പോകുമെന്നും ഉമ്മുൽഖുവൈനിൽ ജോലി ചെയ്യുന്ന സനിൽ ശശിധരൻ പറഞ്ഞു. അതേസമയം, കോവിഡ് സാഹചര്യത്തിൽ നൽകിയ പ്രതീക്ഷകൾ യാഥാർഥ്യമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളുടെ ഭാഗമായി പ്രവാസികൾ ആശങ്കയിലായ കാലം കൂടിയാണെന്നതിനാൽ ബജറ്റിലെ പ്രവാസി വാഗ്ദാനങ്ങൾ ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ദുബായിൽ ജോലി ചെയ്യുന്ന ഫിറോസ് ഖാൻ പറഞ്ഞു. 

കേരള വികസന മോഡൽ പുതിയ ഘട്ടത്തിലേക്ക്

ഡോ.തോമസ് ഐസക് നിയമസഭയിലവതരിപ്പിച്ച ബജറ്റിലൂടെ കേരളത്തിന്റെ വികസന മോഡൽ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന്  യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷവും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കടുത്ത പ്രതിസന്ധികൾ നേരിട്ട ഒരു സർക്കാർ മുന്നോട്ട് മാത്രം കുതിക്കുന്നതിന് ദൃഢനിശ്ചയം ചെയ്തതായിട്ടാണ് ബജറ്റ് പൊതുവിൽ തരുന്ന അനുഭവം. കരുതലും സംരക്ഷണവും തുടരുമ്പോൾ തന്നെയും ഭാവി തലമുറയെ കുറിച്ച് കൃത്യമായ ഒരു അവബോധം ബജറ്റ് പങ്കുവയ്ക്കുന്നുണ്ട്. തൊഴിൽ സൃഷ്ടിക്കുന്നതിനും പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും സർക്കാർ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ബജറ്റിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്നത്.  

പലവിധത്തിൽ കേരളം മുന്നോട്ടു പോകുമ്പോഴും സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം മുൻകൈയെടുത്തു തുടങ്ങിയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിൽ ഉണ്ടായിരുന്നത് എന്നത് വലിയ പോരായ്മ ആയിരുന്നു. അത് പരിഹരിക്കുവാൻ ശക്തമായ നിർദ്ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ടുവച്ചത്.

പ്രവാസികളെ പ്രത്യേകിച്ചും അവരുടെ അടിസ്ഥാന വിഭാഗത്തെ ബജറ്റ് പരിഗണിച്ചതിൽ സന്തോഷമുണ്ട്. പ്രവാസികളുടെ പെൻഷൻ തുക 3500 രൂപയാക്കിയത് ഇത്തരത്തിലുള്ള ഒരു നടപടിയാണ്. കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 10 ശതമാനമായി നിലനിർത്തുമെന്നതും പ്രവാസികൾക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സ്റ്റാർട്ടപ്പുകളിലും മറ്റും നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യം പ്രയോജനപ്പെടുത്തുവാൻ സർക്കാർ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് യുവകലാസാഹിതി യുഎഇ ആവശ്യപ്പെടുന്നു.

പ്രതീക്ഷ നൽകുന്ന ബജറ്റ്

പ്രഖ്യാപനങ്ങൾ വച്ചു നോക്കുമ്പോൾ ഒരു പാട് പ്രതീക്ഷകൾ നൽകുന്ന ബജറ്റാണിതെന്ന് ദുബായിൽ ജോലി ചെയ്യുന്ന അനൂപ് കണ്ണൻ പ്രതികരിച്ചു. ക്ഷേമ പെൻഷനുകളും പുതിയ ജോലി അവസരങ്ങളും, ഡിജിറ്റൽ വിദ്യാഭ്യാസ മേഖലകളിലും തുടങ്ങി ഒരു പാട് നല്ല നിർദേശങ്ങൾ ഉള്ളപ്പോഴും ഇതൊരു തിരഞ്ഞെടുപ്പ് വർഷം ആയത് കൊണ്ട്, പ്രഖ്യാപനങ്ങൾ മാത്രം ആയി അവസാനിക്കാതെ നടപ്പിലാക്കപ്പെടുന്ന ബഡ്ജറ്റ് ആയി മാറുമെങ്കിൽ ഇത് തീർച്ചയായും ഒരു നല്ല ബഡ്ജറ്റ് ആണ്

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റ്

ഭരണം അവസാനിക്കാൻ പോകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന മോഹന വാഗ്ദാനങ്ങൾ എന്നല്ലാതെ ഈ ബജറ്റിൽ കൂടുതലൊന്നും ഇല്ലെന്ന് രഞ്ജിത്ത് കോടോത്ത് എന്ന പ്രവാസി കുറ്റപ്പെടുത്തി. ആദ്യം സർക്കാർ ഇതുവരെ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ ഏതൊക്കെ നടപ്പിലാക്കി എന്ന് പറയാനുള്ള തന്റെടം കാണിക്കട്ടെ. പൊതുകടം 2.60 കോടിയായി പെരുകി. സാമ്പത്തിക നില തകർന്നു. പ്രതിസന്ധിഘട്ടത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ കഴിയാതെ കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയാണ്. സ്വപ്നലോകത്തെ ബാലഭാസ്കരായി തോമസ് ഐസക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രാവർത്തികമായാൽ മികച്ചത്

ഏറെ പ്രതീക്ഷ നൽകുന്ന ബജറ്റ് ആണെങ്കിലും അത് പ്രഖ്യാപനങ്ങൾ മാത്രമാകാതെ പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്ന് ദുബായിൽ ജോലി ചെയ്യുന്ന അസീസ് മണമ്മൽ എടരിക്കോട് പ്രതികരിച്ചു. പ്രവാസികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടാൽ നല്ല കാര്യം. മാറിവരുന്ന സർക്കാറുകൾ മുൻപ് പ്രവാസികളുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന വസ്തുത മുന്നിലുണ്ട്. കുറഞ്ഞ അവധിയ്ക്ക് നാട്ടിലെത്തുന്ന പ്രവാസികളുടെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് പ്രത്യേക ഒരു പരിഗണന വേണമെന്നുള്ള അപേക്ഷയുണ്ട്. നാളെയും മറ്റന്നാളും പറഞ്ഞു സർക്കാർ സ്ഥാപനങ്ങൾ കയറ്റി ഇറക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ പൂട്ടിടാൻ കഴിയണമെന്ന അഭ്യർഥനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രതീക്ഷയുണ്ട്

ബജറ്റിൽ പ്രതീക്ഷകൾ നിറഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും ആത്മാർഥമായി ശ്രമിച്ചാൽ അത് യാഥാർഥ്യമാകുമെന്ന് കരുതുന്നുവെന്ന് ഒമാനിൽ ഐടി വ്യവസായിയായ ജി. ഷാബു പറഞ്ഞു. കോവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികൾക്ക് തുണയാകാനാണ് സർക്കാർ ഏറെ ശ്രദ്ധിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

കരുതലിന്റെ ആശ്വാസമെന്ന് ഓർമ

പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ). തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചത് ഒരുപാട് പേർക്ക് ഗുണകരമാകുമെന്ന് ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയാറാക്കും. ഇവര്‍ക്ക് താൽപര്യമനുസരിച്ച് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കുമെന്നാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. 

പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കാനും പ്രവാസി പെൻഷൻ തുക 3500 രൂപയായി ഉയര്‍ത്താനുമുള്ള തീരുമാനം സർക്കാരിന്റെ പ്രവാസി സൗഹൃദ നയത്തിന് ഉദാഹരണമാണെന്ന് ഓർമ ജനറൽ സെക്രട്ടറി കെ. സജീവനും പ്രസിഡന്റ് അൻവർ ഷാഹിയും ചൂണ്ടിക്കാട്ടി. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം ലോക കേരള സഭ മൂന്നാം സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ജനകീയ ബജറ്റ്

കേരള സർക്കാറിന്റെ ബജറ്റ് സർവ മേഖലകളെയും പരിഗണിച്ചിട്ടുണ്ട്. അതിൽ തന്നെ സാധാരണക്കാരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്ന പദ്ധതികൾ സമഗ്രമായ മാറ്റം സൃഷ്ടിക്കും. പ്രവാസി പെൻഷൻ 3500- രൂപയാക്കി വർധിപ്പിച്ചത് ആശ്വാസകരമായ തീരുമാനമാണ്. എന്നാൽ 5 ലക്ഷത്തോളം പേർ മാത്രമേ നിലവിൽ ക്ഷേമ പദ്ധതിയിൽ ചേർന്നിട്ടുള്ളൂ. പ്രവാസ ലോകത്തെ സംഘടനകൾ അർഹരായ മുഴുവൻ പ്രവാസികളെയും പദ്ധതിയിൽ ചേർക്കാൻ ശ്രമിക്കണമെന്ന് ജനതാ കൾചറൽ സെന്റർ യുഎഇ കമ്മറ്റി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All