• Home
  • News
  • ഫോർബ്സ് പട്ടികയിൽ മമ്മൂട്ടി; ദീപിക പദുക്കോണാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച ഏക വനിത

ഫോർബ്സ് പട്ടികയിൽ മമ്മൂട്ടി; ദീപിക പദുക്കോണാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച ഏക വനിത

കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയൻതാരയും ഇടം പിടിച്ചു.18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനമാണ് നയൻതാരയ്ക്ക്..2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ബോളിവുഡ് നടൻ സൽമാൻ ഖാൻ ഒന്നാം സ്ഥാനത്ത്.മൂന്നാം തവണയാണ് സൽമാൻ ഈ നേട്ടം സ്വന്തമാക്കുന്നത്. സിനിമ, പരസ്യം, ടി.വി ഷോ എന്നിവയിലൂടെ 253.25 കോടിയാണ് സൽമാൻ സമ്പാദിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‍ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് വിരാടിന്റെ സമ്പാദ്യം. 185 കോടി നേടി ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് മൂന്നാമത്.112.8 കോടി രൂപയുടെ സമ്പാദ്യവുമായി ദീപിക നാലാം സ്ഥാനത്തെത്തി. പുതിയ ബ്രാൻഡുകളുമായുള്ള സഹകരണവും പത്മാവദ് സിനിമയുടെ വിജയവുമാണ് അവരെ നാലാം സ്ഥാനത്ത് എത്തിച്ചത്. ആദ്യമായാണ് ഒരു വനിതാ താരം ആദ്യ അഞ്ചിൽ ഇടം പിടിക്കുന്നത്.നടിമാരിൽ ഒന്നാം സ്ഥാനവും ദീപികയ്‌ക്കാണ്

49ാം സ്ഥാനത്തുള്ള മമ്മൂട്ടിയാണ് ആദ്യ 50ൽ ഇടം പിടിച്ച ഏക മലയാളി. 18 കോടിയാണ് മമ്മൂട്ടിയുടെ സമ്പാദ്യം. 69 ാം സ്ഥാനത്തുള്ള നയൻതാരയാണ് ലിസ്റ്റിലുള്ള മറ്റൊരു മലയാളി 15.17 കോടിയാണ് സമ്പാദ്യം.മഹേന്ദ്രസിംഗ് ധോണി (101.77 കോടി), ആമിർ ഖാൻ (97.5 കോടി), അമിതാഭ് ബച്ചൻ (96.17 കോടി), രൺവീർ സിംഗ് (84.67 കോടി), സച്ചിൻ ടെൻഡുൽക്കർ (80 കോടി), അജയ് ദേവ്‌ഗൺ (74 കോടി) തുടങ്ങിയവരും ആദ്യ പത്തിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ഷാരൂഖ് ഖാൻ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.എ.ആർ. റഹ്‌മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ. 66.75 കോടി രൂപയുമായി പതിനൊന്നാമതെത്തി. 50 കോടിയുമായി രജനികാന്ത് 14-ാം സ്ഥാനത്താണ്.

Entertainment