• Home
  • News
  • ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 25 രൂപ

ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 25 രൂപ

തിരുവനന്തപുരം: ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 25 രൂപയായും ടാക്സിയുടേത് അഞ്ച് കിലോമീറ്റർ വരെ 175 രൂപയായും ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഗതാഗതമന്ത്രി ഇന്ന് നിയമസഭയിൽ നടത്തും.ആട്ടോ, ടാക്‌സി മിനിമം നിരക്കുകൾ യഥാക്രമം 25 രൂപയും 175 രൂപയുമായി കൂട്ടുമെന്ന് കേരളകൗമുദി കഴിഞ്ഞ 25ന് റിപ്പോർട്ട് ചെയ്തിരുന്നു.നിലവിൽ ആട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 20 രൂപയും ടാക്സിയുടേത് അഞ്ച് കിലോമീറ്റർ വരെ 150 രൂപയുമാണ്.

ആട്ടോറിക്ഷയ്‌ക്ക് മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഇപ്പോഴത്തെ പത്ത് രൂപ 13 രൂപയാകും. ടാക്സിക്ക് ഇത് 15 രൂപയിൽ നിന്ന് 17 രൂപയായും കൂടും.ആട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 30 രൂപയായും ടാക്‌സിയുടേത് 200 രൂപയായും ഉയർത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചില്ല. നിരക്ക് കുത്തനെ കൂട്ടുന്നത് സാധാരണക്കാർക്ക് ഭാരിച്ച ബാദ്ധ്യതയാകുമെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എണ്ണവില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ആട്ടോ, ടാക്‌സി തൊഴിലാളികൾ നിരക്ക് വർദ്ധന ആവശ്യപ്പെട്ടത്.2014 ഒക്ടോബർ ഒന്നിനാണ് ആട്ടോ, ടാക്സി നിരക്കുകൾ അവസാനം വർദ്ധിപ്പിച്ചത്. കുറഞ്ഞ നിരക്ക് യഥാക്രമം 15ൽ നിന്ന് 20 ആയും 100ൽ നിന്ന് 150 രൂപയായുമാണ് അന്ന് ഉയർത്തിയത്.

Entertainment