• Home
  • News
  • ആധാര്‍ കാര്‍ഡ് കാര്‍ഡ് പിന്‍വലിക്കാന്‍ വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നതടക്കമുള

ആധാര്‍ കാര്‍ഡ് കാര്‍ഡ് പിന്‍വലിക്കാന്‍ വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് കാര്‍ഡ് പിന്‍വലിക്കാന്‍ വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിയമ ഭേദഗതിയുടെ കരട് വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എല്ലാ പൗരന്മാര്‍ക്കും ബയോമെട്രിക്‌സും മറ്റുവിവരങ്ങളും അടക്കമുള്ള ആധാര്‍ നമ്പര്‍ പിന്‍വലിക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് പരിഗണനയില്‍.കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ശരിവെച്ച സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആധാര്‍ നമ്പറും, ബയോമെട്രിക് വിവരങ്ങളും വേണമെങ്കില്‍ പിന്‍വലിക്കാം എന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാര്‍ പിന്‍വലിക്കാമെന്ന ശുപാര്‍ശ ആദ്യം നല്‍കിയത്. ഒരു കുട്ടി പതിനെട്ട് വയസ് തികയുമ്പോള്‍ ആറു മാസത്തിനുളളില്‍ ആധാര്‍ പിന്‍വലിക്കണോ എന്ന് തീരുമാനിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ശുപാര്‍ശ. ഇത് പരിഗണിച്ച നിയമമന്ത്രാലയം ആധാര്‍ പിന്‍വലിക്കാനുളള അവകാശം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപെടുത്താതെ എല്ലാവര്‍ക്കും നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. ഇത് ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്.എന്നാല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയ പാശ്ചാത്തലത്തില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആധാര്‍ ഒഴിവാക്കാനാകില്ല.

ആധാര്‍ ഉപയോഗം പരിമിതപെടുത്തികൊണ്ടും, സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന കര്‍ശന നിര്‍ദേശത്തോടും കൂടിയാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് ആധാര്‍ നിയമം ശരിവച്ചത്. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ സിം കാര്‍ഡിനുമടക്കം ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാനാകുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Entertainment