• Home
  • News
  • ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ വിമാന കമ്പനികള്‍ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 39 സര്‍വ്

ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ വിമാന കമ്പനികള്‍ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 39 സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രമുഖ വിമാന കമ്പനികള്‍ ദോഹ, മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ കുറവ് വരും. ബജറ്റ് എയര്‍ലൈനായ ജെറ്റ് എയര്‍വേയ്സ് കടുത്ത മത്സരം അതിജീവിക്കാനാവാതെ വന്നതോടെ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണിപ്പോള്‍.

ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള ഡയറക്ട് ഫ്ലൈറ്റുകള്‍ ജെറ്റ് എയര്‍വേയ്സ് റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒമാനില്‍ നിന്ന് കോഴിക്കോടേക്കും ചെന്നൈയിലേക്കുമുള്ള വിമാനങ്ങള്‍ ഇന്റിഗോയും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ മുംബൈ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമേ ഇന്റിഗോയ്ക്ക് ഒമാനില്‍ നിന്ന് ഡയറക്ട് സര്‍വ്വീസുകള്‍ ഉണ്ടാവുക. ഒമാനില്‍ നിന്ന് മറ്റ് ചില സര്‍വ്വീസുകളും ജെറ്റ് എയര്‍വേയ്സ് വൈകാതെ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസുകള്‍ പിന്‍വലിക്കാന്‍ ജെറ്റ് എയര്‍വേയ്സ് തീരുമാനിച്ചിട്ടുണ്ട്. ലക്നൗവില്‍ നിന്നും മംഗലാപുരത്തുനിന്നും അബുദാബിയിലേക്കുള്ള വിമാനങ്ങളും ദുബായില്‍ നിന്നുള്ള ചില സര്‍വീസുകളും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചു മുതല്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നാണ് അറിയിപ്പ്.

വിമാനങ്ങളുടെ എണ്ണം കുറയുന്നത് കമ്പനികള്‍ തമ്മിലുള്ള മത്സരം കുറയ്ക്കുന്നതിനൊപ്പം തിരക്കും വര്‍ദ്ധിക്കാന്‍ കാരണമാവും. ഫലത്തില്‍ പ്രവാസികളുടെ പോക്കറ്റ് ചോരുന്ന വില വര്‍ദ്ധനവ് ടിക്കറ്റുകള്‍ക്ക് ഉണ്ടാകും. നേരിട്ട് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതോടെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടാകും. വരുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യാനിരിക്കുന്നവരെയാകും ഇത് ഏറ്റവുമധികം ബാധിക്കുകയെന്നാണ് കരുതപ്പെടുന്നത്.

Entertainment