കോവിഡ് നിയന്ത്രണങ്ങൾ തുടരും; വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ അതീവ ശ്രദ്ധ
ദോഹ∙ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി അവതരിപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രിസഭാ നടപടി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്കൂളുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്നറിയാൻ കർശന പരിശോധനയാണ് നടക്കുന്നത്. സ്കൂളുകളിൽ ഏതെങ്കിലും ക്ലാസുകളിൽ വിദ്യാർഥിക്കോ അധ്യാപകർക്കോ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ ക്ലാസ് താൽക്കാലികമായി അടയ്ക്കുകയും മുഴുവൻ വിദ്യാർഥികളെയും ക്വാറന്റീനിലാക്കുകയുമാണ് ചെയ്യുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ അടച്ചുപൂട്ടൽ, പിഴ ചുമത്തൽ ഉൾപ്പെടെയുള്ള കർശന നിയമ നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, വാഹന വ്യവസ്ഥ, മൊബൈലിൽ ഇഹ്തെറാസ് തുടങ്ങിയ വ്യവസ്ഥകളും നിർബന്ധമാണ്.
ഒരു മാസം പിന്നിട്ട് നിയന്ത്രണങ്ങൾ
കോവിഡ് പ്രതിദിന സംഖ്യയിലെ വർധനയെ തുടർന്ന് ഫെബ്രുവരി 3 മുതലാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ മേഖലകളിൽ 80 ശതമാനം പേർ മാത്രമാണ് ഓഫിസിലെത്തി ജോലി ചെയ്യുന്നത്. ഓഫിസ് യോഗങ്ങളിൽ 15 പേരിൽ കൂടുതൽ പാടില്ലെന്നാണ് നിർദേശം. അതേസമയം സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനം തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികളുടെ പ്രവർത്തനങ്ങളും. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും നൂറു ശതമാനം ശേഷിയിലാണ് പ്രവർത്തനം. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ ആശുപത്രികളിൽ അടിയന്തര സേവനങ്ങളിൽ മാത്രമാണ് നേരിട്ടുള്ള സന്ദർശനം അനുവദിക്കുന്നത്. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ സേവനം ടെലിമെഡിസിൻ വഴിയാണ്. ഒത്തുചേരലുകൾ, അനുശോചന യോഗങ്ങൾ എന്നിവയ്ക്ക് അകം വേദികളിൽ 5 പേർ, പുറം വേദികളിൽ 15 പേർക്ക് മാത്രമാണ് അനുമതി. വീടുകളിലും മജ്ലിസുകളിലും മാത്രമാണ് നിശ്ചിത വ്യവസ്ഥകളോടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടിയും വിവാഹങ്ങൾക്ക് അനുമതിയുള്ളത്. ഷോപ്പിങ് മാളുകളിലെ അമ്യൂസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും പബ്ലിക് പാർക്കുകളിലും ബീച്ചുകളിലുമുള്ള കളിക്കളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ദോഹ മെട്രോ, കർവ ബസുകൾ 30 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. പബ്ലിക് മ്യൂസിയങ്ങൾ, ലൈബ്രറികൾ, വാണിജ്യ സമുച്ചയങ്ങൾ , മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ഫിസിക്കൽ പരിശീലന ക്ലബ്ബുകൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തനശേഷി കുറച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് മാത്രമാണ് യാത്രാനുമതി. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കുകയും വേണം.
പതിനായിരം കവിഞ്ഞ് ലംഘകർ
കോവിഡ് മുൻകരുതൽ, പ്രതിരോധ വ്യവസ്ഥകൾ ലംഘിച്ച പതിനായിരത്തിലധികം വ്യക്തികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു കഴിഞ്ഞു. 367 പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ഇവരിൽ 312 പേർ മാസ്ക് ധരിക്കാത്തവരും 48 പേർ വാഹന വ്യവസ്ഥ ലംഘിച്ചവരും 7 പേർ ഇഹ്തെറാസ് ഇൻസ്റ്റാൾ ചെയ്യാത്തവരുമാണ്. പൊതു സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. 1990 ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പരമാവധി 2 ലക്ഷം റിയാൽ വരെ പിഴയും 3 വർഷം വരെ തടവും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷയുമാണ് ലംഘകർക്കെതിരെ ചുമത്തുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.