സൗദിയിൽ ഇന്ന് 375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4 മരണം
റിയാദ് ∙ സൗദിയിൽ ഇന്നു പുതുതായി 375 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 336 രോഗികൾ സുഖം പ്രാപിച്ചു. ഇന്ന് നാലു പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ ആകെ രോഗികളുടെ എണ്ണം 378708 ഉം മരണ സംഖ്യ 6514 ഉം രോഗമുക്തി നേടിയവർ 369613 ഉം ആയി. 2581 രോഗികൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 503 പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് കൂടിവരുന്ന രോഗബാധയെ പ്രതിരോധികക്കാൻ മുൻകരുതൽ നടപടികൾ തുടരുക എന്നതാണ് വഴിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. മുഴുവൻ ജനങ്ങളും വാക്സീൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യണം. രാജ്യത്ത് ലഭ്യമായ വാക്സീനുകൾ ഫലപ്രദവും സുരക്ഷിതവുമാണ്. വാക്സീൻ സ്വീകരിച്ചവരും സമ്പർക്കം പുലർത്തുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൂടുതൽ പേർക്കു വാക്സീൻ ലഭ്യമാക്കുന്നതിനു വേണ്ടി ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി വാക്സീൻ നൽകുന്ന പദ്ധതിക്ക് ജിദ്ദയിൽ തുടക്കമായി. സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും വാക്സീൻ സൗജന്യമായി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് മന്ത്രാലയം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്; 162 പേർ. മക്ക 66, കിഴക്കൻ പ്രവിശ്യ 61, വടക്കൻ മേഖല 24, മദീന 14, അൽഖസീം 11, അസീർ 11, അൽ ജൗഫ് 10, ഹായിൽ 6, തബൂക്ക് 5, ജിസാൻ 2, നജ്റാൻ 2, അൽബാഹ 1 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ രോഗികളുടെ കണക്ക്. 186 ഗുരുതര രോഗികൾ റിയാദ് പ്രവിശ്യയിൽ മാത്രം ഉണ്ട്. മക്ക 117, കിഴക്കൻ പ്രവിശ്യ88, അസീർ 23, മദീന 22, അൽഖസീം 12, നജ്റാൻ 11, ഹായിൽ 11, ജിസാൻ 8, തബൂക്ക് 8, അൽ ജൗഫ് 7, വടക്കൻ മേഖല 6, അൽ ബഹ 4 എന്നിങ്ങനെയാണു മറ്റു പ്രദേശങ്ങളിലെ ഗുരുതര രോഗികളുടെ സ്ഥിതി
കഴിഞ്ഞ ദിവസം നടത്തിയ 47118 കോവിഡ് പരിശോധനകൾ ഉൾപ്പെടെ രാജ്യത്ത് ഇപ്പോൾ 13829692 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി. 1093468 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.