റമസാനിൽ അഞ്ഞൂറിലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്; വിപണി നിയന്ത്രിക്കാൻ അധികൃതർ
ദോഹ∙ റമസാൻ വിപണി നിയന്ത്രിക്കാൻ തയാറെടുത്ത് അധികൃതർ. അഞ്ഞൂറിലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് ഏർപ്പെടുത്തും. വിൽപന ശാലകളിൽ കർശന പരിശോധന, സബ്സിഡി നിരക്കിൽ ഇറച്ചി തുടങ്ങി വിവിധ നടപടികളാണ് പതിവുപോലെ ഇത്തവണയും സ്വീകരിക്കുന്നത്.
റമസാനിലുടനീളം ഉൽപന്ന വിലകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം കൺസ്യൂമർ അഫയേഴ്സ് അസി.അണ്ടർസെക്രട്ടറി ഷെയ്ഖ് ജാസിം ബിൻ ജാബർ അൽതാനി ഖത്തർ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കി.
മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പഴം, പച്ചക്കറി വിൽപനശാലകളിൽ കർശന പരിശോധനയുണ്ടാകും. അടുത്തിടെ മീനുകളും കടൽവിഭവങ്ങളും വിൽക്കുന്ന ശാലകളിൽ പരിശോധന കടുപ്പിച്ചത് അമിതവില നിയന്ത്രിക്കാൻ സഹായകമായിട്ടുണ്ട്. മന്ത്രാലയത്തിന്റെ റമസാൻ പദ്ധതികളിലെ സബ്സിഡി നിരക്കിൽ ഇറച്ചി വിൽപന ഈ വർഷവും തുടരും. ആസൂത്രണ കണക്കെടുപ്പ് അതോറിറ്റിയുടെ ഉപഭോക്തൃ സൂചിക പ്രകാരം ഉൽപന്ന വിലയിൽ ഏറ്റവും കുറവ് വരുന്നത് റമസാനിലാണ്.
എല്ലാ വർഷവും റമസാൻ മാസത്തിൽ അരി, പാൽ, പഞ്ചസാര, ചിക്കൻ, ധാന്യപ്പൊടി, ഭക്ഷ്യ എണ്ണ തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്കാണ് വില കുറയ്ക്കുക. മന്ത്രാലയത്തിന്റെ പദ്ധതികൾ കൂടാതെ പൊതുമേഖലാ സ്ഥാപനമായ അൽമീറയും ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിക്കാറുണ്ട്. റമസാനിൽ കൂടുതൽ ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ടതിനാൽ അധികൃതരുടെ നടപടികൾ പ്രവാസികൾക്കും പൗരന്മാർക്കും ഒരുപോലെ ആശ്വാസകരമാണ്. കർശന പരിശോധനയിലൂടെ അമിത വില ഈടാക്കൽ, കാലാവധി തീയതി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽക്കൽ തുടങ്ങിയ പ്രവണതകൾ പ്രതിരോധിക്കാനും കഴിയുന്നുണ്ട്.
വിലക്കിഴിവ് പ്രഖ്യാപിച്ച മുഴുവൻ ഉൽപന്നങ്ങളുടേയും പട്ടിക എല്ലാ പ്രധാന ഷോപ്പിങ് മാളുകളിലും നൽകുന്നതിനൊപ്പം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുകയുമാണ് പതിവ്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുകയും ചെയ്യാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.