• Home
  • News
  • മൂല്യമിടിഞ്ഞ് രൂപ, പണമയയ്ക്കാൻ തിരക്കുകൂട്ടി പ്രവാസികൾ

മൂല്യമിടിഞ്ഞ് രൂപ, പണമയയ്ക്കാൻ തിരക്കുകൂട്ടി പ്രവാസികൾ

ദുബായ്∙ രൂപയുടെ മൂല്യം താഴ്ചയിൽ തുടരുന്നതിനാൽ നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണവും ഏറി. കഴിഞ്ഞദിവസങ്ങളിൽ കയറിയും ഇറങ്ങിയും നിന്ന രൂപയുടെ മൂല്യം ഇനിയും താഴ്ചയിലേക്കു പോകുന്ന പ്രവണതയിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത സമയത്ത് പണമിടപാട് സ്ഥാപനങ്ങൾ നൽകിയ ഏറ്റവും നല്ല നിരക്കാണു തിങ്കളാഴ്ച രൂപയ്ക്കു ലഭിച്ചത്.

20.37 എന്ന നിരക്കിലാണ് ഇടപാടുകൾ നടന്നത്. കഴിഞ്ഞ ആഴ്ച രൂപ-ദിർഹം വിനിമയ നിരക്ക് 20.53 കാണിച്ചിരുന്നെങ്കിലും 20 രൂപ 32 പൈസയാണ് പണമിടപാട് സ്ഥാപനങ്ങൾ നൽകിയത്. ആ സ്ഥാനത്താണ് അഞ്ച് പൈസ കൂടി അധികമായി തിങ്കളാഴ്ച ലഭിച്ചത്. എന്നാൽ ഡോളറും അൽപം താഴ്ച കാണിച്ചതോടെ വിനിമയ നിരക്ക് വൈകിട്ട് വീണ്ടും 20.28ൽ ആയി. അതേ സമയം ഇപ്പോഴത്തെ സ്ഥിതി തുടരുകയും റിസർവ് ബാങ്ക് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്താൽ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് പോകാനാണ് സാധ്യതയെന്ന് ധനകാര്യവിദഗ്ധനും ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ സജിത്കുമാർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയരുകയും വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ കർഫ്യൂവിലേക്കും അടച്ചിടലിലേക്കും നീങ്ങുകയും ചെയ്യുന്നതു ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കുകയും രൂപയുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വാരം റിസർവ് ബാങ്ക് മോനിറ്ററി കമ്മിറ്റി പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഗവൺമെന്റ് സെക്യൂരിറ്റി വാങ്ങലിനു 12000 കോടി രൂപ അനുവദിച്ചത് രൂപയെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തത്. അതേ സമയം അമേരിക്കൻ വിപണി വളർച്ചയിലാണെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് യോഗം ചേർന്നു വിലയിരുത്തിയത് ഡോളറിന്റെ നിള മെച്ചപ്പെടുത്തി.

ഇതും രൂപയ്ക്കു തിരിച്ചടിയായി. ഇന്ത്യൻ വിപണി വളർച്ചയുടെ പാതയിലാണെന്ന് ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വിലയിരുത്തിയെങ്കിലും അടുത്തുവരുന്ന മൂന്നു മാസങ്ങളിൽ ഇന്ത്യൻ വിപണി അത്ര നല്ല നിലയിലാകില്ലെന്നു ഗോൾഡ്മാൻ സാച്ചസും മറ്റും ചൂണ്ടിക്കാട്ടിയതും രൂപയ്ക്കു തിരിച്ചടിയായി. ഇന്ത്യയിൽ വാക്സിനേഷന്റെ ലഭ്യത സംബന്ധിച്ച് ആശങ്കകൾ ഉയർന്നതും കോവിഡ് വ്യാപനം ശക്തമായി തുടരുകയും ചെയ്തത് വീണ്ടും ഇന്ത്യൻ വിപണിയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഇതും രൂപയെ പ്രതികൂലമായി ബാധിച്ചു.

സ്വർണത്തിന്റെ വിലയും കുറഞ്ഞ നിലയിൽ തുടരുകയാണ്. തുടക്കത്തിൽ കോവിഡ് വ്യാപകമായ സാഹചര്യത്തിൽ പെട്ടെന്ന് എല്ലാവരും ഗോൾഡിലേക്കു മാറിയിരുന്നു. ഓഹരി വിപണിയിൽ മോശം പ്രവണത തുടരുമ്പോൾ സാധാരണ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്ന പ്രവണത കാണാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഡോളറിലേക്ക് നിക്ഷേപം മാറ്റുന്ന സ്ഥിതിയാണുള്ളത്. പകരം സ്വർണം വിറ്റഴിക്കുന്ന പ്രവണതയും ഉണ്ട്. ഈ പ്രതികൂല സാഹചര്യങ്ങളെല്ലാം തുടരുന്ന പക്ഷം ഡോളറിനെതിരേ രൂപ എക്കാലത്തേയും ഏറ്റവും കുറഞ്ഞ നിലയിലായ 76.92 പോകുമോ എന്ന ആശങ്കയിലാണ് മേഖലയിലുള്ളവർ. 75.50 വരെയെങ്കിലും എത്താനുള്ള സാധ്യത അവർ തള്ളിക്കളയാനാവില്ലെന്നു സജിത് കുമാർ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം സ്വർണത്തിൽ ചിട്ടയായ നിക്ഷേപം നടത്തുന്നത് കൊണ്ട് ദോഷമുണ്ടാകില്ലെന്നു തന്നെയാണ് അദ്ദേഹം വിലയിരുത്തുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതും റമസാൻ കാരണവും കഴിഞ്ഞദിവസങ്ങൾ കൂടുതൽ മലയാളികൾ നാട്ടിലേക്ക് പണമയ്ക്കാൻ എത്തിയതായി പണമിടപാട് സ്ഥാപനങ്ങളിൽ ഉള്ളവരും വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All