• Home
  • News
  • പെരുന്നാൾ അവധി; പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

പെരുന്നാൾ അവധി; പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

ഷാർജ ∙ പെരുന്നാൾ (ഈദുൽ ഫിത് ർ) അവധിദിനങ്ങൾക്കു നിറംപകരാൻ  ആഘോഷ പരിപാടികളൊരുക്കിയും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചും ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്ക് അറിവും ഹരവും പകരുന്ന പരിശീലനക്കളരികളും സൗജന്യപ്രദർശനങ്ങളും തൊട്ട് കുടുംബസമേതം പ്രകൃതികാഴ്ചകൾ ആസ്വദിച്ച് ആഡംബര ഹോട്ടലുകളിലെ താമസം വരെ നീളുന്ന ഈദ് വിരുന്നുകൾ ഷാർജ നിക്ഷേപവികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള വിവിധ വിനോദകേന്ദ്രങ്ങളിൽ ഒരുക്കി.

അൽ മജാസ് വാട്ടർഫ്രണ്ട്

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായ അൽ മജാസിൽ പെരുന്നാളവധിയുടെ മൂന്നു ദിവസങ്ങളിൽ പ്രത്യേക കലാപ്രദർശനങ്ങളുണ്ടാവും. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നിയോൺ ആനിമേഷൻ ഷോ (ഈ മാസം 13ന്), ഡ്രംസ് ഷോ ( 14ന്), അഭ്യാസപ്രകടനമരങ്ങേറുന്ന വീൽ അക്രോബാറ്റ് ഷോ (15ന്) എന്നിങ്ങനെയാണു പ്രദർശനങ്ങൾ. ഇതിന് പുറമേ ഇൗ മാസം 13, 14 തീയതികളിൽ പ്രത്യേക പരേഡുകളും അരങ്ങേറും. വൈകിട്ട് 5 മുതൽ രാത്രി 10 വരെയാണു കലാപ്രദർശനം.  

അൽ മുൻതസ പാർക്ക്

നവീകരണപ്രവർത്തനങ്ങൾക്കായി റമസാൻ മാസത്തിൽ അടച്ചിട്ടിരുന്ന അൽ മുൻതസയിലെ ‘പേൾ കിങ്ഡം’ വാട്ടർ തീം പാർക്ക് പെരുന്നാൾ അവധിയുടെ ആദ്യ ദിനം അതിഥികൾക്കായി തുറക്കും. എട്ടു പുതിയ ട്യൂബ് റൈഡുകളും പാർക്കിലുടനീളമുള്ള ഫോട്ടോ പോയിന്റുകളും കഫേയുമെല്ലാം പാർക്കിലെ പുതിയ വിശേഷങ്ങളാണ്. നിയോൺ വെളിച്ചത്തിന്റെ രസം പകരുന്ന റൈഡുകളാണ് മറ്റൊരു വിശേഷം. ടിക്കറ്റ് നിരക്കും പുതുക്കി നിശ്ചയിച്ചിട്ടുണ്ട് - മുതിർന്നവർക്ക് 150 ദിർഹംസും കുട്ടികൾക്ക് 120 ദിർഹംസുമാണ് പുതിയ നിരക്ക്. 80 സെന്റിമീറ്ററിന് താഴെ ഉയരമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

സിറ്റി ബസ് യാത്രയും ബോട്ട് സഞ്ചാരവും

ഷാർജ നഗരക്കാഴ്ചകൾ ആസ്വദിച്ച് വിവിധ വിനോദകേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ഇരുനില ബസ് യാത്രയ്ക്കും ഖാലിദ് തടാകത്തിലെ ബോട്ട് യാത്രക്കുമുള്ള ടിക്കറ്റുകൾക്ക് ഈദ് അവധി ദിനങ്ങളിൽ പ്രത്യേക ഓഫറുകളുണ്ട്. മുതിർന്നവർക്കുള്ള രണ്ടു ടിക്കറ്റുകളെടുത്താൽ രണ്ട് കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഷാർജയിൽ നിന്ന് ഖോർഫക്കാൻ വരെയുള്ള ഇരുനില ബസ് യാത്രക്കുള്ള ടിക്കറ്റിനും കിഴിവുകളുണ്ട് - മുതിർന്നവർക്ക് 120 ദിർഹംസും കുട്ടികൾക്ക് 100 ദിർഹംസുമാണ് നിരക്ക്. 

അൽ നൂർ ദ്വീപ്

ചിത്രശലഭക്കാഴ്ചകൾക്കും പ്രകൃതിദൃശ്യങ്ങൾക്കും പ്രശസ്തമായ ഷാർജ അൽ നൂർ ദ്വീപിൽ ടിക്കറ്റുകൾക്ക് 30 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ദ്വീപിലേക്കും ശലഭവീട്ടിലേക്കുമുള്ള ടിക്കറ്റിനു മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 20 ദിർഹവുമാണ് നിരക്ക്. 

മെലീഹ ആർക്കിയോളജിക്കൽ സെന്റർ

വേറിട്ട പുരാവസ്തു കാഴ്ചകളും മരുഭൂ അനുഭവങ്ങളുമൊരുക്കുന്ന മെലീഹയിൽ കുട്ടികൾക്കായുള്ള പരിശീലനക്കളരികളിലും സാഹസിക പാക്കേജുകളും മറ്റു ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന മെലീഹയിലെ ആർക്കിയോളജി പരിശീലനകളരികളിൽ മുതിർന്നവർക്കുള്ള ഒരു ടിക്കറ്റെടുത്താൽ 12 വയസ്സ് വരെ പ്രായമുള്ള ഒരു കുട്ടിക്ക് സൗജന്യമായി പങ്കെടുക്കാം.

സാഹസിക പാക്കേജുകളിൽ രണ്ടു ടിക്കറ്റെടുക്കുമ്പോൾ മൂന്നാമതൊരാൾക്ക് സൗജന്യമാണ്. വാനനിരീക്ഷണ പാക്കേജിലും ഇതേ ആനുകൂല്യം ലഭ്യമാണ്. മരുഭൂമിയിലൂടെയുള്ള ബഗ്ഗി യാത്രക്ക് 50 ശതമാനം കിഴിവും കുതിരസവാരിക്ക് 30 ശതമാനം കിഴിവും ലഭിക്കും. കുതിര സവാരിയുടെ ടിക്കറ്റുകൾ 50 ദിർഹം തൊട്ട് തുടങ്ങുന്നുണ്ട്. 

ഖോർഫക്കാൻ ബീച്ച്

മേയ് 13, 14 ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നിരവധി കലാകായിക പ്രദർശനങ്ങളാണ് ഖോർഫക്കാൻ ബീച്ചിലെ പെരുന്നാൾ വിശേഷം. പരേഡുകളും ഡ്രം മാർച്ചുമെല്ലാം കടൽത്തീരത്തെ ആഘോഷത്തിന് നിറംപകരും. 

വിനോദകേന്ദ്രങ്ങൾക്ക് പുറമേ ഷുറൂഖിന് കീഴിലുള്ള അൽ ബെയ്ത് ഹോട്ടലിലും കിങ്ഫിഷർ, അൽ ബദായർ, അൽ ഫയ റിട്രീറ്റുകളിലും പെരുന്നാളിനോടനുബന്ധിച്ച പ്രത്യേക നിരക്കുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  

വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനവും കലാപ്രദർശനങ്ങളുമെല്ലാം കോവിഡ് നിയന്ത്രണങ്ങളും പ്രോട്ടോകോളും പൂർണമായും പാലിച്ചാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും നിർബന്ധമാണ്. ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കും. സമൂഹസുരക്ഷ മുൻനിർത്തിയുള്ള ആരോഗ്യസുരക്ഷാ നിർദേശങ്ങളെല്ലാം വന്നെത്തുന്ന അതിഥികളും പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All