• Home
  • News
  • 'ചൂടൻ' വാഹനത്തിൽ യാത്ര തീക്കളി; അറ്റകുറ്റപ്പണിയിൽ അശ്രദ്ധ അരുത്

'ചൂടൻ' വാഹനത്തിൽ യാത്ര തീക്കളി; അറ്റകുറ്റപ്പണിയിൽ അശ്രദ്ധ അരുത്

ദുബായ് ∙ വേനൽക്കാലത്ത് അറ്റകുറ്റപ്പണിയിൽ അശ്രദ്ധ കാട്ടിയാൽ വാഹനം വില്ലനായേക്കാം. ചുട്ടുപഴുത്ത റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ടയർ മുതൽ ഇലക്ട്രിക്കൽ ഘടകങ്ങളുടെ വരെ കാര്യത്തിൽ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ തീപിടിത്ത സാധ്യതയേറെ. പെട്രോൾ ചോർച്ചയും ഷോർട് സർക്യൂട്ടും വാഹനം തീ പിടിക്കാൻ പ്രധാന കാരണമാണ്.

തീപിടിക്കാനിടയുള്ള  സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ചൂടുകാലത്ത് വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ കൂടുതലാണെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലി അൽ സുവൈദി പറഞ്ഞു.

ലൈറ്ററുകൾ, പെർഫ്യൂമുകൾ, സ്റ്റെറിലൈസറുകൾ തുടങ്ങിയവ വാഹനത്തിൽ വയ്ക്കരുത്. അംഗീകൃത വർക് ഷോപ്പുകളിൽ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശിച്ചു.

ഫുൾടാങ്ക് ഒഴിവാക്കാം

വാഹനം ചൂടാകുന്നത് പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നു പ്രമുഖ ഓട്ടമൊബീൽ സ്ഥാപനത്തിലെ സൂപ്പർവൈസർ പത്തനംതിട്ട സ്വദേശി പ്രദീപ് പറയുന്നു. ഇന്ധനം നിറയെ അടിക്കരുത്. 10% കുറവു മതിയാകും.

ടയറിൽ എയർ കൃത്യമാകണം

ടയറിൽ നൈട്രജൻ ഉപയോഗിക്കുന്നതാണു സുരക്ഷിതം. നിശ്ചിത കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണം. മാസത്തിൽ ഒരിക്കലെങ്കിലും ടയറുകൾ വിശദമായി പരിശോധിക്കണം. 4 ടയറുകളിലും അനുവദനീയ അളവിൽ എയർ ഉറപ്പാക്കണം. ഇത് കൃത്യമായ അനുപാതത്തിൽ അല്ലെങ്കിൽ സ്റ്റിയറിങ്ങിൽ പ്രതിഫലിക്കും. വാഹനത്തിൽ അഗ്നിശമനോപകരണം (ഫയർ എക്സ്റ്റിൻഗ്വിഷർ) നിർബന്ധമായും സൂക്ഷിക്കുക. സമയപരിധി കഴിഞ്ഞില്ലെന്നു ഉറപ്പാക്കണം.

യാത്രചെയ്യാം, 'കൂൾ' ആയി

വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലെ കൊടുംചൂടിൽ നിന്നു രക്ഷപ്പെടാനുമുണ്ട് ചില വഴികൾ. പുറത്തെ താപനില 40 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ അടച്ചിട്ട കാറിനകത്ത് 70 ഡിഗ്രിക്കു മുകളിൽ അനുഭവപ്പെടാം. ഇതൊഴിവാക്കാൻ തണലിൽ പാർക്ക് ചെയ്യണമെങ്കിലും ഗൾഫിലെ സാഹചര്യത്തിൽ പ്രായോഗികമല്ല.

പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഉടൻ പ്രവേശിക്കാതിരിക്കുക. 20 സെക്കൻഡ് വരെ ഡോർ തുറന്നിട്ട് ചൂടു വായു പുറത്തുപോകാൻ അനുവദിക്കുക. ടിഷ്യു പേപ്പറോ ടവലോ ചെറുതായി നനച്ച് ചൂടുപിടിച്ച സ്റ്റിയറിങ് വീലും ഗിയർ നോബും തുടയ്ക്കുക. ലോഹ- പ്ലാസ്റ്റിക് ഘടകങ്ങളിലെ ചൂട് കുറയ്ക്കാൻ ഇതു സഹായകമാകും.

വിൻഡോ അൽപം താഴ്ത്തി എസി പ്രവർത്തിപ്പിച്ച് റീസർക്കുലേഷൻ മോഡിൽ വയ്ക്കുക. എസിയുടെ ലോഡ് കുറയാനും ഇതു സഹായകമാകും. പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസ് ഒരു ഇഞ്ച് താഴ്ത്തി വച്ചാൽ വാഹനത്തിനുള്ളിൽ വായുസഞ്ചാരമുണ്ടാകും.  പൊടിക്കാറ്റുള്ളപ്പോൾ ഇങ്ങനെ ചെയ്യരുത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All