• Home
  • News
  • യുഎഇ പൊതുമാപ്പ് നാളെ സമാപിക്കും

യുഎഇ പൊതുമാപ്പ് നാളെ സമാപിക്കും

അബുദാബി: യുഎഇ പൊതുമാപ്പ് നാളെ സമാപിക്കും. അനധികൃത താമസക്കാരായ വിദേശികൾക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ആയിരുന്നു പൊതുമാപ്പ് അനുവദിച്ചത്. ആനുകൂല്യം പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് ആളുകൾ ഇതിനോടകം രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കി. അര ലക്ഷത്തിലേറെ പേർ രാജ്യം വിട്ടു. നിയമലംഘകരെ പിടികൂടാനായി നാളെ മുതൽ കർശന പരിശോധനയുണ്ടാകുമെന്നും പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് അറിയിച്ചു. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് ആളൊന്നിന് അര ലക്ഷം ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയിലെ ഒൻപതു കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തോളം അപേക്ഷകരാണ് എത്തിയത്. ഇതിൽ ദുബായിലും അബുദാബിയിലുമാണ് ഏറ്റവും കൂടുതൽ അപേക്ഷകർ എത്തിയത്. അബുദാബിയിൽ ഷഹാമ, അൽഗർബിയ, അൽഐൻ എന്നിവിടങ്ങളിലായി മൂന്നും മറ്റു എമിറേറ്റുകളിൽ ഓരോ കേന്ദ്രങ്ങൾ വീതവുമാണ് പൊതുമാപ്പ് നടപടി ക്രമങ്ങൾക്കായി ഒരുക്കിയിരുന്നത്. അപേക്ഷകരുടെ തിരക്ക് പരിഗണിച്ച് ദുബായ്, ഷഹാമ, അൽഗർബിയ, അൽഐൻ എന്നിവിടങ്ങളിൽ പ്രത്യേക ടെന്റ് ഒരുക്കിയിരുന്നു.

പൊതുമാപ്പ് ഉപയോഗിച്ച വിദേശികളിൽ ഭൂരിഭാഗവും വീസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവരായിരുന്നു. സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും തൊഴിൽ തർക്കത്തിൽപ്പെട്ടവരും താമസ കുടിയേറ്റ നിയമം ലഘിച്ചവരുമായിരുന്നു മറ്റുള്ളവർ. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് രാജ്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ കൂടുതലും. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാർ കുറവായിരുന്നു.

Business