• Home
  • News
  • പ്രവാസികൾ തൊഴിൽരഹിതരായി മടങ്ങിയെത്തുന്നു; കേരളത്തിന്റെ സാമ്പത്തിക മേഖല പ്രതിസന്ധ

പ്രവാസികൾ തൊഴിൽരഹിതരായി മടങ്ങിയെത്തുന്നു; കേരളത്തിന്റെ സാമ്പത്തിക മേഖല പ്രതിസന്ധിയിലേക്ക്

 കൊച്ചി:പത്തു ലക്ഷത്തിലേറെ പ്രവാസികൾ തൊഴിൽരഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ആഘാതം. പ്രവാസികൾ സംസ്ഥാനത്തേക്ക് അയക്കുന്ന പണം കുത്തനെ കുറയുന്നതിന്‍റെ കണക്കുകൾ പുറത്ത് വന്നു തുടങ്ങി. പ്രവാസി പുനരധിവാസത്തിൽ സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഇളകും.
പ്രവാസിയുടെ വിയർപ്പുകൊണ്ട് ജീവിക്കുന്ന നാടെന്ന് കേരളത്തെ നിസംശയം വിളിക്കാം. സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തിൽ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള സംസ്ഥാനവും കേരളം തന്നെ. ആഭ്യന്തര വരുമാനത്തിൽ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശ മലയാളികളാണ്. വിവിധ ബാങ്കുകളിലായി പ്രവാസികൾക്ക് സംസ്ഥാനത്തുള്ളത് 2,30,000 കോടി രൂപയുടെ നിക്ഷേപമാണ്. ഇത്രകാലവും ഓരോ വർഷവും ഈ തുക ഉയരുകയായിരുന്നു. എന്നാൽ ആ ബലം ഇനി അധിക നാൾ നീളുമോ എന്നതാണ് സംശയം. 
ലക്ഷക്കണക്കിന് മലയാളികൾ ആശ്രയിക്കുന്ന പ്രമുഖ പണകൈമാറ്റ സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ ഇതിന്റെ സൂചനയാണ്. പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ 57 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലേക്കുള്ള പണം കൈമാറ്റ ഇടപാടുകൾ 70 ശതമാനംവരെ കുറഞ്ഞു.
നാൽപതു ലക്ഷം മലയാളികൾ രാജ്യത്തിന് പുറത്ത് തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവർ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ ബാധിച്ചു. കേരളത്തിലെ ബാങ്കുകളിൽ ഉള്ള ആകെ പ്രവാസി
നിക്ഷേപം 2020 ൽ മുൻവർഷത്തേക്കാൾ 14 ശതമാനം കൂടിയിരുന്നു.
കൊവിഡ് പ്രതിസന്ധിയോടെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ചവർ അവരുടെ സമ്പാദ്യങ്ങൾ കേരളത്തിലേക്ക് മാറ്റിയതാണ് ഇതിനു കാരണമെന്ന് ബാങ്കിങ് വിദഗ്ധർ അനുമാനിക്കുന്നു. ഇതിനെയൊരു നല്ല സൂചനയായി കരുതാനാവില്ല. കാരണം ഓരോ വർഷവും പ്രവാസി കേരളത്തിലേക്ക് അയച്ചിരുന്ന 95,000 കോടി രൂപയെന്ന ഭീമമായ തുകയിൽ വലിയ കുറവ് പ്രകടമായിരിക്കുന്നു. രാജ്യമാകെ പ്രവാസി വരുമാന നഷ്ടം ഉണ്ടെങ്കിലും കേരളത്തിൽ വ്യാപാര മേഖലയിൽ അടക്കം ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകും.
കേരളത്തിന്റെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധി നേരിടുന്ന കാലത്താണ് ലക്ഷക്കണക്കിന് മലയാളികൾ തൊഴിൽ നഷ്ടമായി തിരികെയെത്തിയിരിക്കുന്നത്. ദൈനംദിന ചെലവുകൾക്കുപോലും വായ്പകൾ ആശ്രയിക്കുന്ന കേരളംപോലൊരു 

സംസ്ഥാനത്തിന്റെ ഗതി മുട്ടുന്ന അവസ്ഥ.
ഗൾഫ് യുദ്ധകാലത്തടക്കം മുൻപ് പലപ്പോഴും പ്രവാസികൾ വെറുംകൈയോടെ മടങ്ങിയെത്തിയിട്ടുണ്ട്. ദൃഢ നിശ്ചയത്താൽ വീണ്ടും കരപറ്റിയിട്ടുമുണ്ട്. പക്ഷെ, ഇത്തവണത്തെ പ്രതിസന്ധി സമാനതകളില്ലാത്ത ഒന്നാണ്. അരനൂറ്റാണ്ട് കേരളത്തെ ഊട്ടിയ പ്രവാസിയെ ഈ കഷ്ടകാലത്തു സർക്കാർ സഹായിച്ചില്ലെങ്കിൽ തകരുക നാം വീമ്പുപറയുന്ന ഈ നവകേരളം തന്നെയാകും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All