ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ അജ്മാൻ സാമ്പത്തിക വകുപ്പ്
അജ്മാന്: ഓണ്‍ലൈന്‍ വഴി ഉൽപന്നങ്ങൾ വാങ്ങുന്നതിനുമുമ്പ് ആധികാരികത ഉറപ്പുവരുത്തണമെന്ന് അജ്മാൻ സാമ്പത്തിക വകുപ്പ്. ഇത്തരം സൈറ്റുകളിലൂടെ ഏതെങ്കിലും ഉൽപന്നങ്ങളോ ചരക്കുകളോ വാങ്ങുന്നതിനുമുമ്പ് ഇവ ആധികാരികമായി രജിസ്റ്റര്‍ ചെയ്തതാണോ എന്ന് പരിശോധിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. 2021ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് പ്രവർത്തിക്കുന്നതാണോ ഇത്തരം സൈറ്റുകള്‍ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഉപഭോക്താവും സേവന ദാതാക്കളും തമ്മിലുള്ള കരാർ പൂർത്തിയാക്കാവൂ എന്ന് അജ്മാൻ സാമ്പത്തിക വകുപ്പ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ലൈസൻസില്ലാത്ത ദാതാക്കൾ വഴി നടക്കുന്ന ഇലക്ട്രോണിക് വാണിജ്യ പ്രവർത്തനങ്ങൾക്ക് അധികൃതര്‍ ഉത്തരവാദിയല്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. സാമ്പത്തിക വികസന വകുപ്പില്‍നിന്നും ലൈസൻസോ പെർമിറ്റോ നേടുന്നതിനുമുമ്പ് ഓണ്‍ലൈന്‍ സൈറ്റുകൾ വഴിയുള്ള പ്രവർത്തനം ലംഘിക്കുന്നതിനും ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും വിൽക്കുന്നതിനുമെതിരെ അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. അനധികൃതമായ ഓഫറുകള്‍, ഉല്പന്നങ്ങളില് കൃത്രിമത്വം, അനുകരണം, സേവന വഞ്ചന, സമ്മാനങ്ങളും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാണിജ്യ ഡേറ്റ നൽകൽ എന്നിവയുൾപ്പെടെയുള്ള തട്ടിപ്പുകള്‍ക്ക് ഈ സൈറ്റുകള്‍ വഴി സാധ്യതയുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്ന് വാണിജ്യ സംരക്ഷണ വകുപ്പ് ഡയറക്ടർ ഹസൻ അൽ ഷെഹി ഓർമിപ്പിച്ചു. സാമ്പത്തിക വികസന വകുപ്പിന്റെ ലൈസൻസുള്ള ഒരു വെബ്സൈറ്റിനെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടായാൽ പരാതി വകുപ്പുമായി കാൾ സെൻറർ വഴിയോ സോഷ്യൽ മീഡിയ, ഫോൺ, ഇ-മെയിൽ അല്ലെങ്കിൽ ഡിപ്പാർട്മെൻറിന്റെ വെബ്സൈറ്റ് വഴിയോ പരാതിപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.