• Home
  • News
  • വിനോദ സഞ്ചാരികൾക്ക് മാർഗനിർദ്ദേശകരായി ഇനി സൗദി വനിതകളും
saudi tourism

വിനോദ സഞ്ചാരികൾക്ക് മാർഗനിർദ്ദേശകരായി ഇനി സൗദി വനിതകളും

ദമാം: സൗദിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മാർഗനിർദ്ദേശകരായി ഇനി സൗദി വനിതകളുടെ സേവനവും ലഭ്യമാകും. പ്രത്യേക ടൂറിസം പരിശീലന പരിപാടി പൂർത്തിയാക്കിയ മൂന്ന് സൗദി വനിതകൾക്ക് ഇതിനുള്ള അനുമതിപത്രം ലഭിച്ചു. സൗദി ദേശീയ പൈതൃക വിനോദ സഞ്ചാര കമ്മീഷന്റെ (എസ്‌സിടിഎച്ച്‌) തബൂക്ക്‌ ഘടകത്തിൽ നിന്നാണ്‌ ടൂറിസ്സ് ഗൈഡായി രാജ്യത്തെ ആദ്യ വനിതകൾ പുറത്തിറങ്ങിയത്. 

തീവ്ര പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഹിബ മുഹമ്മദ് അൽ ഐദി, നദാ സാലിഹ്‌ അൽ എൻസി, ഹനാൻ ഹാതം അൽ ഹുമൈദി എന്നിവരുടെ ലൈസൻസുകൾ തബൂക്ക് ജനറൽ മാനേജർ ഡോ.മബ്റൂക്ക്‌ അൽ ശിലൈബി വിതരണം ചെയ്തു. സമൂഹത്തിൽ സ്ത്രീകൾ വഹിക്കുന്ന സുപ്രധാന പങ്കും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വികാസവും ഈ പുരസ്കാരങ്ങളിൽ പ്രതിഫലിച്ചതായി അൽ ശിലൈബി പറഞ്ഞു. 

നാഷണൽ സെന്റർ ഫോർ ടൂറിസം ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് (തകാമുൽ) പുറത്ത്‌ വിട്ട റിപ്പോർട്ട്‌ പ്രകാരം 474 വനിതകൾക്ക്‌ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്‌. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ 'നിന്റെ ജോലി, നിന്റെ സ്കോളർഷിപ്‌' പരിപാടിയിൽ രാജ്യത്ത്‌ 9631 വനിതകളാണ്‌ സംബന്ധിച്ചത്‌. രാജ്യത്താകെ 14 സ്ഥാപനങ്ങളിൽ വനിതാ ടൂറിസ്റ്റ്‌ ഗൈഡിനുള്ള പരിശീലനം നടക്കുന്നുണ്ട്‌.

Entertainment