• Home
  • News
  • ഖത്തറിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കാം
qatar

ഖത്തറിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കാം

ദോഹ: വിദേശികൾക്കു ഭൂമി സ്വന്തമാക്കാവുന്ന 10 മേഖലകൾ ഖത്തർ റജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള നീതീന്യായ മന്ത്രാലയം വിജ്ഞാപിച്ചു.99വർഷത്തേക്ക് ഭൂമി പാട്ടത്തിനു ലഭിക്കുന്ന 16 മേഖലകളും പ്രസിദ്ധപ്പെടുത്തി. കാബിനറ്റ് കാര്യ സഹമന്ത്രി കൂടിയായ നീതിന്യായ മന്ത്രി ഡോ. ഈസ ബിൻ സാദ് അൽ ജഫാലി അൽ നുഅയ്മിയാണ് ഭൂമി വാങ്ങാനും പാട്ടത്തിനെടുക്കാനും പറ്റുന്ന മേഖലകൾ പ്രത്യേക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. 2018ലെ 16ാം നമ്പർ നിയമപ്രകാരം ഖത്തറിലെ ഏറ്റവും മുന്തിയ ആഡംബര മേഖലകളിലാണ് വിദേശികൾക്കു ഭൂമി സ്വന്തമാക്കാൻ അനുവാദം ലഭിച്ചിരിക്കുന്നത്.

വ്യവസായമേഖലകളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന പ്രമുഖ പ്രവാസി മലയാളികൾക്കും ഇനി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങാനാവും. ഈ 10 മേഖലകളിൽ ഭൂമി വാങ്ങുന്നവർക്ക് ഖത്തറിൽ ഭൂമി സ്വന്തമായുള്ള കാലത്തോളം സ്ഥിരതാമസാനുമതി ലഭിക്കും. മാത്രമല്ല 10 ലക്ഷം ഡോളറിലേറെ നിക്ഷേപമുള്ളവർക്കാണ് സ്ഥിരതാമസാനുമതി ലഭിക്കുക. എന്നാൽ താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലൂടെ ഭൂമി വാങ്ങുന്നവർക്ക് താമസാനുമതിയും മറ്റാനുകൂല്യങ്ങളും ലഭിക്കുമെന്നത് വലിയ നേട്ടമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി സ്വന്തമാക്കാവുന്ന 10 മേഖലകൾ ഡിപ്ലോമാറ്റിക് ഏരിയ എന്നു പൊതുവിൽ അറിയപ്പെടുന്ന വെസ്റ്റ്ബേ, ആഡംബര നഗരമായ പേൾ ഖത്തർ, അൽ ഖോർ റിസോർട്ട്, ഭരണനിർവഹണ പ്രദേശങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ള അൽ ഖസാർ, അൽ ദഫ്ന, ഒനയ്സ, നിക്ഷേപമേഖലകളായ റവ്ദ അൽ ജഹാനിയ,ജബാൽ തയിലീബ്, അൽ വാസിൽ, ഖരെയ്ജ് എന്നിവിടങ്ങളിലാണ് വിദേശികൾക്ക് ഭൂമിയിൽ പരിപൂർണ അവകാശം ലഭിക്കുന്നത്.

Entertainment

Business