അവശ്യവസ്തുക്കളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കും
മനാമ: അവശ്യവസ്തുക്കളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി മന്ത്രിസഭ. ഉപഭോക്തൃ ആവശ്യം കണക്കിലെടുത്ത് വിപണിയിൽ ആവശ്യമായ ഉൽപന്നങ്ങളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കുന്നതിന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി.
ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനും ഈ മേഖലയിൽ നിക്ഷേപ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള ഹമദ് രാജാവിന്റെ നിർദേശങ്ങളും ചർച്ച ചെയ്തു. കാർഷിക, കന്നുകാലി, സമുദ്ര സമ്പദ് മേഖലയിൽ തദ്ദേശീയ ഉൽപന്നങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സുരക്ഷിതത്വം, സുസ്ഥിരത എന്നിവ ഉറപ്പാക്കാൻ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്തു.
മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ബഹ്റൈന്റെ ശ്രമം വിജയിച്ചതിനു പിന്നിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകളാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ മാധ്യമ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹമദ് രാജാവ് നൽകിയ സന്ദേശം ബഹുമുഖ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതാണെന്ന് വിലയിരുത്തി. രാജ്യ പുരോഗതിക്കും വളർച്ചക്കും ഉതകുന്നതരത്തിൽ മാധ്യമങ്ങളുടെ ഇടപെടലുകളും പ്രവർത്തനങ്ങളും ചടുലമാണെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.