ഒമാനിൽ ചെറിയ ശമ്പളത്തിൽ ജോലിക്കെത്തുന്ന അഭ്യസ്തവിദ്യർ വർധിച്ചു
സുഹാർ : ഗൾഫിൽ ചെറിയശമ്പളത്തിൽ ജോലിചെയ്യാനായി എത്തുന്ന ഉന്നത വിദ്യാഭ്യാസമുള്ളവരുടെ എണ്ണം വർധിച്ചു. ഗൾഫിലേക്ക് ജോലിക്കായി നാട്ടിൽ നടക്കുന്ന അഭിമുഖങ്ങളിൽ ബിരുദാനന്തര ബിരുദം, എം.ഫിൽ, ബി.ടെക്, എം.എസ്സി കഴിഞ്ഞവരും ഉണ്ടെന്ന് റിക്രൂട്ടിങ് ഏജന്റുമാർ പറയുന്നു. സാധാരണ പ്ലസ് ടു യോഗ്യത അവശ്യപ്പെട്ടുള്ള ചെറിയ ശമ്പളത്തിലുള്ള ജോലിക്കാണ് ഇത്തരത്തിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾ എത്തുന്നത്.
തൊഴിൽതേടി കടൽ കടക്കുന്നവർ പലർക്കും സ്വീകരിക്കുന്ന തൊഴിൽ മേഖലയെ കുറിച്ച് നിബന്ധനകളില്ല. ശമ്പളത്തിലോ തൊഴിൽപരമായ കാര്യങ്ങളിലൊ കർശനമായി പിടിവാശി ഇല്ലാതെ കിട്ടുന്ന തൊഴിലിൽ ഏർപ്പെടുക, കരാർ പൂർത്തിയാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് ഒമാനിലെ വസ്ത്രവിതരണ കമ്പനിയിൽ സെയിൽസ്മാനായി എത്തിയ ബി.ടെക് കാരനായ തൃശൂർ സ്വദേശി പറഞ്ഞു.
ഗൾഫിൽ 60 ഒഴിവുകളിലേക്ക് നാട്ടിൽ ഇന്റർവ്യൂവിനു വിളിച്ചാൽ ഹാജരാവുന്നവരുടെ എണ്ണം ആയിരത്തിനും മുകളിലാണ്. പഠിച്ചിറങ്ങുന്നവർക്ക് ജോലി ലഭ്യത കുറയുകയും തൊഴിലില്ലായ്മ എക്കാലത്തേഴും പോലെ രൂക്ഷമാകുകയും ചെയ്യുമ്പോൾ കിട്ടുന്ന തൊഴിൽ തേടിപ്പിടിക്കുക എന്നതിലേക്ക് യുവത മാറുന്നത് നല്ല ചുവടുവെപ്പാണെന്ന് വിലയിരുത്തുന്നു.
ബാങ്ക് ലോണും വിദ്യാഭ്യാസ വായ്പയും എടുത്തു പഠിച്ചിറങ്ങുന്നവർക്ക് വൈറ്റ് കോളർ ജോലിനേടാൻ കാത്തിരിക്കണം. അതിനിടെ കിട്ടുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നു.
ശമ്പളമോ ജോലിയുടെ സ്വഭാവമോ ഒന്നുമല്ല മുന്നിൽ, ഇതുവരെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ഒരു സഹായം എന്ന് മാത്രമാണ് ഗൾഫിലേക്ക് കടക്കുമ്പോൾ തോന്നിയതെന്ന് ഫിസിയോതെറപ്പി കോഴ്സ് പൂർത്തിയാക്കി ഒരു കമ്പനിയിൽ ഡേറ്റാ എൻട്രി ജോലിചെയ്യുന്ന പയ്യന്നൂർ സ്വദേശി പറയുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.