പാസ്പോർട്ട് സേവനങ്ങൾക്ക് നാല് ക്യാംപ്; ഇന്ന് തുടക്കം
ദുബായ്∙ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ചകളിൽ പാസ്പോർട്ട് സേവന ക്യാംപുകൾ നടത്തും. ദുബായിലെയും ഷാർജയിലെയും നാല് ബിഎൽഎസ് കേന്ദ്രങ്ങൾ വഴിയാണിത്. ഇന്നും അടുത്ത 29നും ക്യാംപുകൾ നടക്കും. അടിയന്തര പാസ്പോർട് സേവനങ്ങളാണ് ലഭ്യമാക്കുക.
ബർദുബായ് അൽ ഖലീജ് സെന്റർ, ദയ്റ സിറ്റി സെന്ററിൽ ഷോപ് 13, ബർദുബായ് എഡിസിബി ബാങ്കിനു സമീപം ഹബീബ് ബാങ്ക് എജി സൂറിച്ച് അൽ ജവാറാ ബിൽഡിങ്, ഷാർജ എച്ച്എസ്ബിസി സെന്റർ ഓഫിസ് നമ്പർ11 എന്നിവിടങ്ങളിലാണ് ക്യാംപുകൾ നടക്കുക. ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷകൾ ഇവിടെ നേരിട്ടെത്തി നൽകാം.
ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന രീതിയാണ് അവലംബിക്കുക. അടിയന്തര ചികിത്സാവശ്യം, മരണം, ജൂൺ 30നുള്ളിൽ പാസ്പോർട്ട്കാലാവധി കഴിയുന്നവർ, വീസ കാലാവധി കഴിഞ്ഞത് വീണ്ടും സ്റ്റാംപ് ചെയ്യൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങളാണ് ക്യാംപുകൾ വഴി പരിഗണിക്കുക.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള എൻആർഐ സർട്ടിഫിക്കറ്റുകൾ, ജോലിക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഉച്ചയ്ക്ക് 1.30നാവും അവസാന ടോക്കണുകൾ ഈ ക്യാംപുകളിൽ നൽകുകയെന്നും അധികൃതർ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.