സംസ്കാരത്തിന് പന്തലിടുന്നതിനുള്ള ഒരുക്കം, ബന്ധുക്കൾ ഞെട്ടി; ആൾ ജീവനോടെയുണ്ട്, മദ്യപിക്കുന്നത് കണ്ടവരുണ്ട്!
കോട്ടയം∙ സംസ്കാരത്തിന് പന്തലിടുന്നതിനും മറ്റുമുള്ള ഒരുക്കം വീട്ടിൽ നടത്തുന്നതിനിടെ ബന്ധുക്കൾ ഞെട്ടി: ആൾ ജീവനോടെയുണ്ട്. ബാറിലിരുന്നു മദ്യപിക്കുന്നത് കണ്ടവരുണ്ട്! ബന്ധുക്കൾ ബാറിലെത്തി ആളെയും കൂട്ടി പൊലീസിനു മുന്നിൽ എത്തി. മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. അതോടെ പൊലീസിനു സംശയമായി; അപ്പോൾ മരിച്ചത് ശരിക്കും ആരാണ്?
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടതോടെയാണു നാടകീയ സംഭവങ്ങൾക്കു തുടക്കം. പഴയ ഒപി വിഭാഗത്തിനു സമീപം വരാന്തയിലാണു മൃതദേഹം കണ്ടത്. ആശുപത്രി പരിസരത്ത് വർഷങ്ങളായി കഴിഞ്ഞിരുന്നയാളാണെന്നു ജീവനക്കാർ പൊലീസിനെ ധരിപ്പിച്ചു. പൊലീസ് അന്വേഷണം നടത്തി. വൈകിട്ട് ‘മരിച്ച’യാളിന്റെ ബന്ധുക്കളും നാട്ടുകാരും എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയാണു മരിച്ചതെന്നാണു കരുതിയത്.
പൊലീസ് മൃതദേഹം വിട്ടുനൽകാൻ തീരുമാനിച്ചു. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മോർച്ചറിയിലേക്കും മാറ്റി. അതേസമയം പരേതന്റെ വീട്ടിൽ ഇന്നു സംസ്കാരം നടത്താനുള്ള ക്രമീകരണം തുടങ്ങി. ഇതിനിടെയാണു വില്ലൂന്നി സ്വദേശിയെ ചിലർ ബാറിൽ വച്ചു കണ്ടത്. ഇവർ ഉടൻ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ നേരെ ബാറിലെത്തി ഇദ്ദേഹത്തെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്കെത്തി. മെഡിക്കൽ കോളജ് പരിസരത്ത് മരിച്ച ആൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.