'സെഹാതി' ഹെൽത്ത് കാർഡ് ഉടൻ ആരംഭിക്കും
മനാമ: ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ചിപ്പ് അധിഷ്ഠിത ആരോഗ്യ കാർഡ് വൈകാതെ ലഭ്യമാക്കുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ (എസ്.സി.എച്ച്) അറിയിച്ചു. ഘട്ടംഘട്ടമായി ഗോൾഡൻ 'സെഹാതി' കാർഡ് അവതരിപ്പിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സംബന്ധമായ രേഖകൾ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും തടസ്സമില്ലാതെ ലഭിക്കാൻ വഴിയൊരുങ്ങും.
നിലവിൽ മുഹറഖ് ഗവർണറേറ്റിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ കാർഡ് സംവിധാനം നടപ്പാക്കുന്നുണ്ട്. മറ്റ് ഗവർണറേറ്റുകളിലും ആരംഭിക്കുന്നതിന് മുമ്പ് മുഹറഖിലെ മൂന്ന് ഹെൽത്ത് സെന്ററുകളിൽ കൂടി ഇത് നടപ്പാക്കുമെന്ന് എസ്.സി.എച്ച് അറിയിച്ചു.
രോഗിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു പുറമേ, എല്ലാ പ്രാഥമിക ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതാണ് സേഹാതി കാർഡ്. രോഗികളുടെ ചികിത്സാ സംബന്ധമായ രേഖകൾ പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ പരസ്പരം കൈമാറുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കാർഡിൽ രോഗിയുടെ മെഡിക്കൽ ചരിത്രം, പരിശോധനാ ഫലങ്ങൾ, രോഗനിർണയം, ഡോക്ടറുടെ കുറിപ്പടി വിശദാംശങ്ങൾ എന്നിവയുണ്ടാകും. എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ചികിത്സാ വിവരങ്ങൾ ഡോക്ടർമാർക്ക് മാത്രമാണ് വായിക്കാൻ കഴിയുക.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.