കാതോർത്ത് ഖത്തർ: ആരാവും ഷി ക്യൂ
ദോഹ: തെരഞ്ഞെടുപ്പുകളുടെ നാട്ടിൽനിന്നും വരുന്ന ഇന്ത്യക്കാർക്കിടയിൽ ഒരു പൊതുതെരഞ്ഞെടുപ്പ് പ്രചാരണം പോലെ ആവേശം പടർത്തിയ നാളുകൾക്കൊടുവിൽ 'ഷി ക്യു' വിജയികളെ ഇന്നറിയാം.ഖത്തർ പ്രവാസ ലോകത്തെ ഇളക്കി മറിച്ച ഓൺലൈൻ വോട്ടെടുപ്പ് പ്രചാരണകാമ്പയിനും ഏറെ പുതുമയേറിയതായിരുന്നു.
ഫൈനൽ ലിസ്റ്റിൽ ഇടംനേടിയവർക്കായി വോട്ടു ചോദിച്ചും ഉറപ്പിച്ചും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സജീവമായതോടെ വോട്ടിങ് പുരോഗമിച്ച അഞ്ചു ദിനങ്ങൾ വീറും വാശിയും പ്രകടമായതായി. 65,000ത്തിലേറെ വോട്ടുകളാണ് ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചവർക്കായി രേഖപ്പെടുത്തിയത്. എട്ട് വിഭാഗങ്ങളിൽ 26 പേരാണ് ഫൈനൽ റൗണ്ടിൽ പൊതു ജനങ്ങൾക്കിടയിലെ വോട്ടിങ്ങിലേക്ക് നീങ്ങിയത്.
അവരിലെ വിജയികളെ ഇന്ന് വൈകുന്നേരം 6.30ന് ഹോളിഡേ ഇൻ ബിസിനസ് പാർക്കിൽ നടക്കുന്ന അവാർഡ് നിശയിൽ പ്രഖ്യാപിക്കും.
'ഷി ക്യൂ'; നാലുപേർക്ക് പ്രത്യേക ആദരവ്
ദോഹ: പ്രഥമ ഗൾഫ് മാധ്യമം ഷി ക്യൂ പുരസ്കാരത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസി വനിതകളായ നാലുപേർക്ക് വിധിനിർണയ സമിതിയുടെ പ്രത്യേക പരാമർശം. കാർഷിക വിഭാഗത്തിൽ നീമ സലീം, സാമൂഹിക സേവനത്തിൽ നൂർജഹാൻ ഫൈസൽ, സുമ മഹേഷ് ഗൗഡ, കാർഷിക അനുബന്ധ ഗവേഷണത്തിൽ മികവു തെളിയിച്ച രസ്ന നിഷാദ് എന്നിവരാണ് വിധിനിർണയ സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹരായത്. ഖത്തർ ഫൗണ്ടേഷനിൽ സസ്റ്റയ്നബിലിറ്റി ഓഫിസറായ നീമ സലിം മലപ്പുറം കാവുങ്ങൽ സ്വദേശിനിയാണ്. സുസ്ഥിര കാർഷിക പദ്ധതിയിൽ പ്രസക്തമായ സംഭാവനയർപ്പിച്ച ഇവരെ തേടി വിവിധ പുരസ്കാരങ്ങളുമെത്തിയിരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.