നാട്ടിലേക്കൊന്നു പോയി വന്നാലോ; ഇന്ത്യയിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദോഹ ∙ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്കേറി തുടങ്ങി. ഖത്തർ ഐഡിയുള്ള പ്രവാസികൾ നാട്ടിലേക്ക് പോകുമ്പോഴും വരുമ്പോഴും ഐഡി കൈവശം സൂക്ഷിക്കണം. യാത്രയ്ക്ക് മുൻപ് ഐഡി, പാസ്പോർട്ട് എന്നിവയുടെ കാലാവധി പരിശോധിക്കുന്നതും നല്ലതാണ്. യാത്രയ്ക്ക് ആർടിപിസിആർ പരിശോധന വേണോ എന്നതിലാണ് പലർക്കും ഇപ്പോഴും ആശയക്കുഴപ്പം.
ഇന്ത്യയിലേക്കുള്ള യാത്ര
∙ യാത്രാ ടിക്കറ്റ്, കാലാവധിയുള്ള പാസ്പോർട്ട്, എയർസുവിധയിൽ റജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ്
∙ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ എയർസുവിധയിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യുമ്പോൾ യാത്രാ വിവരങ്ങൾ നൽകണം. ഒപ്പം പാസ്പോർട്ട്, കോവിഡ് വാക്സിനേഷൻ (2 ഡോസും പൂർത്തിയാക്കിയിരിക്കണം) സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് (മറ്റ് വ്യവസ്ഥകൾ ബാധകമായവർക്ക് മാത്രം) എന്നിവയുടെ ഒറിജിനലിന്റെ കോപ്പികളും അപ്ലോഡ് ചെയ്യണം.
∙ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ആർടിപിസിആർ കോവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
∙ കോവിഡ് വാക്സീൻ എടുക്കാത്തവരിൽ മുതിർന്നവർക്കും 5നും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. അതേസമയം കോവിഡ് വാക്സീൻ 2 ഡോസും പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പമെത്തുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന ആവശ്യമില്ല.
∙ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ (കേരളം ഉൾപ്പെടെ) വന്നിറങ്ങുന്ന പ്രവാസികളെ വിമാനത്താവളങ്ങളിൽ റാൻഡം കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും.
ദോഹയിലേക്കുള്ള യാത്ര (ഖത്തർ ഐഡിയുള്ളവർ)
∙ ഇന്ത്യ ഖത്തറിന്റെ റെഡ് ഹെൽത്ത് മെഷേഴ്സ് വിഭാഗത്തിൽ ആയതിനാൽ ക്വാറന്റീൻ, പ്രവേശന നടപടികൾ പാലിച്ചിരിക്കണം.
∙ യാത്രാ ടിക്കറ്റ്, കാലാവധിയുള്ള പാസ്പോർട്ട്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം (വ്യവസ്ഥ ബാധകമായവർ) എന്നിവ കൈവശമുണ്ടാകണം.
∙ ഖത്തറിന്റെ ഇമ്യൂണിറ്റി വ്യവസ്ഥകളും പാലിച്ചിരിക്കണം. ഫൈസർ, മൊഡേണ, അസ്ട്രാസെനിക്ക എന്നീ കോവിഡ് വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം മുതൽ 9 മാസത്തേക്കും ബൂസ്റ്റർ ഡോസെടുത്ത് 12 മാസത്തേക്കുമാണ് ഖത്തറിന്റെ കോവിഡ് ഇമ്യൂണിറ്റി കാലാവധി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബൂസ്റ്റർ ഡോസാണെങ്കിൽ 12 മാസവും 7 ദിവസവുമാണ് കാലാവധി.
∙ വ്യവസ്ഥകൾക്കു വിധേയമായി അംഗീകരിച്ച സിനോഫാം, സിനോവാക്, സ്പുട്നിക് വി, കോവാക്സീൻ എന്നീ വാക്സീനുകളാണെങ്കിൽ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം മുതൽ 6 മാസത്തേക്കാണ് കാലാവധി.
∙ കോവിഡ് മുക്തരായവർക്ക് പോസിറ്റീവ് ആയ തീയതി മുതൽ 12 മാസത്തേക്കാണ് ഇമ്യൂണിറ്റി കാലാവധി.
∙ കോവിഡ് വാക്സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് ദോഹയിലെത്തുമ്പോൾ ക്വാറന്റീൻ വേണ്ട. എന്നാൽ ദോഹയിലെത്തി 24 മണിക്കൂറിനുള്ളിൽ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലെത്തി റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമായും നടത്തിയിരിക്കണം.
∙ കോവിഡ് വാക്സീൻ എടുക്കാത്തവരും നോൺ- ഇമ്യൂൺ (വാക്സീൻ എടുക്കാത്തവരും കോവിഡ് പിടിപെടാത്തവരും) വിഭാഗത്തിൽപെട്ടവരും ദോഹയിലേക്കുള്ള യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ദോഹയിലെത്തി 5 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. അഞ്ചാമത്തെ ദിവസം റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.