എക്സ്പോ സെന്ററിൽ മെഗാ ഈദ് സെയിൽ ഇന്നു മുതൽ
ഷാർജ: ഈദുൽ അദ്ഹ എക്സിബിഷന്റെ രണ്ടാം സീസൺ വെള്ളിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കും. ജൂലൈ 13 വരെ നീളുന്ന മേള ഈദ് ആഘോഷിക്കുന്നവർക്ക് മിതമായ നിരക്കിൽ ഷോപ്പിങ്ങിന് അവസരമൊരുക്കും. കഴിഞ്ഞ വർഷം 10 ദിവസമായിരുന്ന മേള ഇക്കുറി 13 ദിവസമാണ്. ലിസ് എക്സിബിഷൻ സംഘടിപ്പിക്കുന്ന മേളയിൽ വസ്ത്രങ്ങൾ, പെർഫ്യൂം, അബായ, ഫാഷൻ ആക്സസറീസ്, കോസ്മെറ്റിക്സ്, സമ്മാനങ്ങൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യമേള തുടങ്ങിയവയുണ്ടാകും.
കഴിഞ്ഞ വർഷത്തെ എക്സിബിഷനിൽ 76,000 സന്ദർശകർ എത്തിയതായി സംഘാടകർ അറയിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച വിജയമാണ് വീണ്ടുമൊരു എക്സിബിഷന് ആത്മവിശ്വാസമേകിയതെന്ന് എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. ബിസിനസ് ലോകം തിരിച്ചുവരവ് നടത്തുന്ന സമയത്ത് റിട്ടെയിൽ മേഖലക്ക് കൂടുതൽ ഊർജം പകരുന്നതായിരിക്കും ഈ സീസണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്.പി ഉൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളുടെ ഐ.ടി ഉൽപന്നങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ഇവിടെ ലഭിക്കുമെന്ന് ലിസ് എക്സിബിഷൻസ് പ്രതിനിധി ജേക്കബ് വർഗീസ് പറഞ്ഞു. അജ്മൽ പെർഫ്യൂംസ്, ബ്രാൻഡ് ബസാർ, അഹ്മദ് അൽ മഗിരിബി, ആർദ് അൽ ഗദീർ, ബെലിസിമോ പെർഫ്യൂംസ്, ഹോംസ്റ്റൈൽ, എൽ.സി.ഡബ്ല്യൂ, ബേബി ഷോപ്, സ്പ്ലാഷ്, ക്രയോള, സ്കെച്ചേഴ്സ് തുടങ്ങിയ ബ്രാൻഡുകൾ ഇക്കുറിയുണ്ടാവും.ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെ എക്സിബിഷൻ തുറന്നിരിക്കും. അഞ്ച് ദിർഹമാണ് പ്രവേശന ഫീസ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫീസ് വേണ്ട. പാർക്കിങ് സൗജന്യം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.