ബാലവേലക്കെതിരെ പരിശോധന കാമ്പയിൻ തുടങ്ങി
കുവൈത്ത് സിറ്റി: മാൻപവർ പബ്ലിക് അതോറിറ്റി കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റിയുടെയും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള സ്ഥിരം സമിതിയുടെയും സഹകരണത്തോടെ ബാലവേലക്കെതിരെ പരിശോധന കാമ്പയിൻ ആരംഭിച്ചു.
മാൻപവർ അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസീദ് അറിയിച്ചതാണിത്. കുട്ടികളെ അവരുടെ സമ്മതത്തോടെയാണെങ്കിലും തൊഴിലെടുപ്പിക്കുന്നത് നിയമലംഘനമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. നല്ല ഭാവിക്ക് വേണ്ടി വിദ്യാഭ്യാസം നേടൽ കുട്ടികളുടെ അവകാശമാണെന്നും തൊഴിലിടത്തിൽ ചൂഷണം നടത്തുന്നത് തടയാൻ രാജ്യവ്യാപകമായി പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. 'സുരക്ഷിതവും സന്തുലിതവുമായ കുട്ടിക്കാലത്തേക്ക്' എന്ന പ്രമേയവുമായാണ് കാമ്പയിൻ നടത്തുന്നത്. തൊഴിലിടങ്ങളിലെ പരിശോധനക്കൊപ്പം പൊതുസമൂഹത്തിൽ ബോധവത്കരണ പരിപാടികളും നടത്തും. 15 വയസ്സിന് താഴെയുള്ളവരുടെ എല്ലാതരം ജോലിയും 18 വയസ്സിന് താഴെയുള്ളവരുടെ ഭാരമേറിയതും അപകട സാധ്യതയുള്ളതുമായ ജോലിയും നിയമവിരുദ്ധമാണ്.ജോലി ചെയ്യാൻ അനുവാദമുള്ള പ്രായപൂർത്തിയാകാത്തവർക്ക് അനുവദനീയമായ സമയം പ്രതിദിനം ആറുമണിക്കൂറാണ്. അവർ തുടർച്ചയായി നാലുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുത്. തുടർന്ന് ഒരു മണിക്കൂറിൽ കുറയാത്ത വിശ്രമം അനുവദിക്കണം.
അധിക മണിക്കൂറും അവധി ദിവസങ്ങളിലും 18 വയസ്സിൽ താഴെയുള്ളവരെ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണ്. വൈകീട്ട് ഏഴു മുതൽ രാവിലെ ആറു വരെയും ഈ പ്രായ വിഭാഗക്കാർക്ക് ജോലി വിലക്കുണ്ട്. 15 വയസ്സിൽ താഴെയുള്ളവരെ ഒരു ജോലിയും ചെയ്യിക്കാൻ പാടില്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.