ഒമാനിലേക്കും മനുഷ്യക്കടത്ത് സജീവം, നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് രക്ഷപ്പെട്ടെത്തിയ വീട്ടമ്മ
കൊല്ലം : കേരളത്തിൽ നിന്നും ഒമാനിലേക്കും മനുഷ്യക്കടത്ത് സജീവമെന്ന് പരാതി. ജോലി തേടി വിദേശത്തേക്ക് പോയ അഞ്ചൽ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഒമാനിലെ ഏജന്റിന്റെ ഓഫീസിൽ കുടുങ്ങി കിടക്കുന്ന സ്ത്രീകളെ ജീവനക്കാർ ക്രൂരമായാണ് മര്‍ദ്ദിക്കുന്നതെന്ന് രക്ഷപെട്ടെത്തിയ ഈ യുവതി പറയുന്നു.
എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതാണ് അഞ്ചൽ സ്വദേശിയായ വീട്ടമ്മ. കുട്ടികളെ പഠിപ്പിക്കാനും ജീവിത ചെലവിനും വാങ്ങിയ കടം കൂടി കൂടി വന്നു. ഇത് വീട്ടാനാണ് ഗൾഫിൽ പോകാൻ തീരുമാനിച്ചത്. ദുബായിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആയൂര്‍ സ്വദേശിയായ ഏജന്റ് 45,000 രൂപ വാങ്ങി. വിദേശത്തെ ഏജൻസിയുടെ ഓഫീസിലെത്തിയപ്പോഴാണ് ഇതൊരു കെണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
ഒമാനിലെ ഒരു അറബി എത്തി വീട്ടിലെ ജോലിക്ക് 38കാരിയെ കൂട്ടിക്കൊണ്ട് പോയി. രാപ്പകൽ രണ്ടു വീടുകളിലെ പണികൾ മുഴുവനെടുപ്പിച്ചു. അസുഖം വന്നിട്ട് ആശുപത്രിയിൽ കൊണ്ടു പോകാനോ അവധി നൽകാനോ തയ്യാറായില്ല. കൂടാതെ മോശം പെരുമാറ്റവും. ഒടുവിൽ ജനപ്രതിനിധികളുടേയും ഒമാനിലെ മലയാളി സംഘടനകളുടേയും സഹായത്തോടെ യുവതി നാട്ടിലെത്തി. നിരവധി പേർ ഏജൻസി ഓഫീസിൽ കുടുങ്ങി കിടക്കുകയാണെന്ന് വീട്ടമ്മ പറയുന്നു. ഇവരെ രക്ഷിക്കാൻ സര്‍ക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഈ വീട്ടമ്മയുടെ അഭ്യര്‍ഥന.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.