പെരുന്നാൾ അവധി: യാത്രക്കാർക്ക് നിർദേശവുമായി ഹമദ് വിമാനത്താവളം
ദോഹ: ബലി പെരുന്നാൾ അവധി പ്രമാണിച്ച് യാത്രചെയ്യുന്നവരുടെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക നിർദേശങ്ങളും മുൻകരുതലുകളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. സർക്കാർ മേഖലകളിൽ ഒരാഴ്ച പെരുന്നാൾ അവധിയും, സ്കൂൾ അവധികളും ആരംഭിക്കുന്ന തോടെ നിരവധി പേരാണ് നാട്ടിലേക്കുള്ള യാത്രക്ക് ഒരുക്കം കൂട്ടുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ യാത്ര നടപടികൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേക നിർദേശങ്ങൾ അധികൃതർ നൽകി. കഴിഞ്ഞ ദിവസം മുതൽതന്നെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ 15 മുതൽ യാത്രക്കാരുടെ മടക്കവും ആരംഭിക്കും.
ചെക്ക് ഇൻ ആൻഡ് ഇമിഗ്രേഷൻ
ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യുക, മൂന്ന് മണിക്കൂർ മുമ്പായി വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കുക. വിമാനം പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് ചെക്ക് ഇൻ കൗണ്ടറുകൾ അടക്കുന്നതായിരിക്കും. ഖത്തർ എയർവേയ്സ് ഉപഭോക്താക്കൾ സെൽഫ് സർവിസ് ചെക്ക് ഇൻ, ബാഗ് ഡ്രോപ്പ് സൗകര്യം എന്നിവ ഉപയോഗപ്പെടുത്തുക.
ഇതിലൂടെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനും ബോർഡിങ് പാസ് പ്രിന്റ് എടുക്കാനും ബാഗ് ടാഗ് സ്വീകരിക്കാനും സാധിക്കും. ഇമിഗ്രേഷൻ സേവനം വേഗത്തിലാക്കുന്നതിന് ഇ-ഗേറ്റ് സൗകര്യം ഉപയോഗപ്പെടുത്തണം. കുട്ടികളുമായി യാത്രചെയ്യുന്നവർ നിർബന്ധമായും റഗുലർ ഇമിഗ്രേഷൻ കൗണ്ടറുകളിലാണെത്തേണ്ടത്.ബാഗേജ് ആനുകൂല്യവും ഭാരവും വിമാനക്കമ്പനികൾ നൽകുന്നത് മാത്രമായിരിക്കും അനുവദിക്കപ്പെടുക. യാത്രക്കാർ ഇക്കാര്യം നിർബന്ധമായും പാലിക്കേണ്ടതാണ്. യാത്രക്കാർക്കുള്ള ബാഗേജ് റീപാക്ക് ഏരിയയും ലഗേജ് വെയിങ് മെഷീനുകളും ഡിപ്പാർച്ചർ ഹാളിൽ ലഭ്യമായിക്കും. ഡിപ്പാർച്ചർ ഹാളിലെ ബാഗ് റാപ് സേവനം പരമാവധി ഉപയോഗപ്പെടുത്തുക.
എയർപോർട്ട് ആക്സസ് ആൻഡ് കാർ പാർക് സർവിസ്
പിക്കപ്പ്, േഡ്രാപ്പ് ഓഫ് എന്നിവക്കായി യാത്രക്കാർ പരമാവധി 'ഷോർട്ട് ടേം' പാർക്കിങ് ഉപയോഗപ്പെടുത്തുക. താഴെ പറയുന്ന ദിവസങ്ങളിൽ ഷോർട്ട് ടേം പാർക്കിങ്ങിൽ സൗജന്യ പാർക്കിങ് സേവനം ലഭ്യമായിരിക്കും. ജൂലൈ ഏഴ് പുലർച്ചെ 12 മുതൽ ജൂലൈ 8 രാത്രി 11.59 വരെ ആദ്യത്തെ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും.
ജൂലൈ 15 മുതൽ ജൂലൈ 18വരെ നാല് ദിവസങ്ങളിൽ അർധരാത്രി 11 മുതൽ പുലർച്ച മൂന്നുവരെ നാല് മണിക്കൂറും പാർക്കിങ് സൗജന്യമായിരിക്കും. ജൂലൈ 22 മുതൽ 23വരെ രണ്ടു ദിവസങ്ങളിൽ അർധരാത്രി 11 മുതൽ പുലർച്ച മൂന്നുവരെയും നാല് മണിക്കൂർ സമയത്തേക്ക് പാർക്കിങ് സൗജന്യമായിരിക്കും. പുറപ്പെടൽ, ആഗമന ടെർമിനൽ കെട്ടിടത്തിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കപ്പെടുക.
സെക്യൂരിറ്റി ചെക്ക്
വാച്ച്, ബെൽറ്റ്, ആഭരണങ്ങൾ എന്നിവ ബാഗിനുള്ളിൽ വെച്ച് സ്ക്രീനിങ് നടത്തുക. ട്രേയിൽ അലസമായി നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ലാപ് ടോപ് പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗിൽ നിന്ന് പുറത്തെടുത്ത് പുതിയ ട്രേയിലാണ് സ്ക്രീനിങ് നടത്തേണ്ടത്. ദ്രാവകങ്ങൾ, എയറോസോൾ, ജെൽ തുടങ്ങിയവ ബാഗിനുള്ളിൽ ഇല്ലെന്ന് യാത്രക്കാർ ഉറപ്പുവരുത്തേണ്ടതാണ്. ഹോവർ ബോർഡുകൾ പോലെയുള്ള ഹീലിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അനുവദിക്കുന്നതല്ല.
കോവിഡ് സേഫ്റ്റി
യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും യാത്രാ നിർദേശങ്ങളും സംബന്ധിച്ച് യാത്രക്കാർ ബോധവാന്മാരാേകണ്ടതാണ്. യാത്രക്കാർ തങ്ങളുടെ ഇഹ്തിറാസിൽ ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസ് ഹാജരാക്കണം.
പൊതുനിർദേശങ്ങൾ
തിരക്കുള്ള സമയങ്ങളിൽ വളർത്തുമൃഗങ്ങളെ കൂടെ കൂട്ടുന്നത് പരമാവധി ഒഴിവാക്കുക. വിമാന സമയം സംബന്ധിച്ച് കൃത്യവിവരം ലഭിക്കുന്നതിന് എച്ച്.ഐ.എ ഖത്തർ ആപ് ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ അറിയുക.
ബാഗേജ് ക്ലെയിം, ബോർഡിങ് ഗേറ്റുകളിലേക്കുള്ള ദിശയും സമയവും, ഭക്ഷ്യ പാനീയം, ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ ഓഫർ എന്നിവയും ആപ്പിൽ ലഭ്യമാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.