• Home
  • News
  • പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും തുറക്കാനൊരുങ്ങി റാസൽഖൈമ മാർക്കറ്റ്
uae fisha market

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും തുറക്കാനൊരുങ്ങി റാസൽഖൈമ മാർക്കറ്റ്

റാസൽഖൈമ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി മാരിസ് മാർക്കറ്റ് തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് റാസൽ ഖൈമയിലെ സ്വദേശികളും പ്രവാസികളും. റമസാൻ നോമ്പിന് മുൻപ് മാർക്കറ്റ് തുറക്കുമെന്ന പ്രതീക്ഷയിലാണവർ. പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. മാർക്കറ്റിലെ ശീതീകരണ സംവിധാനവും മറ്റും തകരാറിലായതിനെ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷമാണ് മാർക്കറ്റ് അടച്ചത്. താൽക്കാലിക ഷെഡിലാണ് ഇപ്പോൾ പ്രവർത്തനം. മാർക്കറ്റിലെ ശീതീകരണ സംവിധാനങ്ങൾ ശരിയായി പ്രവർത്തിച്ചാൽ കടക്കാർക്ക് കുറച്ച് ഐസ് ഉപയോഗിച്ചാൽ മതി. മൽസ്യക്കച്ചവടക്കാരിൽ ഏറെയും മലയാളികളും ബംഗ്ലദേശികളുമാണ്.

മൽസ്യാവശിഷ്ടങ്ങൾ സംസ്കരിക്കാൻ സംവിധാനം ഉണ്ടായാൽ ഗുണകരമാകും. വിശാലമായ കടൽത്തീരം ഉള്ളതിനാൽ ഏറെ സഞ്ചാരികളാണ് റാസൽഖൈമയിൽ എത്തുന്നത്. അതേസമയം, മൽസ്യം ഉണക്കുന്നതിന്റെ ദുർഗന്ധത്തെക്കുറിച്ച് റാസൽഖൈമയിൽ ചിലയിടത്ത് പ്രദേശവാസികളുടെ പരാതി ഉയർന്നിരുന്നു. നല്ല പിടയ്ക്കുന്ന മൽസ്യം കാണാം മാരിസ് മാർക്കറ്റിൽ. ഉച്ചക്ക് ഒന്നരയ്ക്കും വൈകിട്ട് ആറുമണിയോടെ മഗ്‌രിബ് നമസ്കാരത്തിനു ശേഷവുമാണ് ലേലം നടക്കുക. റംസ്, കോർകോർ, ഖലീല,സാം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മൽസ്യങ്ങളാണ് ഇവിടെ കിട്ടുക. നാട്ടിലെപ്പോലെ വലിയ ബോട്ടുകളിൽ പോയി കടലിൽ ഒന്നും രണ്ടും ആഴ്ച തങ്ങിയ ശേഷം മൽസ്യവുമായി വരുന്ന രീതി ഇവിടില്ല. 35 അടിയോളം വരുന്ന ബോട്ടുകളിൽ രാവിലെ കടലിൽ പോയി ഉച്ചയോടെ മടങ്ങിയെത്തും. അതിനാൽ നല്ല പച്ചമൽസ്യം ലഭിക്കും. ചിലർ ഉച്ചഭക്ഷണത്തിനു ശേഷം കടലിൽ പോയി വൈകിട്ടോടെ മടങ്ങിയെത്തും. കരയ്ക്കു സമീപം പത്തുപതിനഞ്ചു പേർ ചേർന്ന് വല വലിച്ചു കയറ്റുന്ന രീതിയുമുണ്ട്.

Entertainment