• Home
  • News
  • പ്രവാസി വിഷു ആഘോഷം പൊടിപൊടിക്കും
uae vishu market

പ്രവാസി വിഷു ആഘോഷം പൊടിപൊടിക്കും

ദുബായ്: വിഷുവിന് ജോലിക്കു പോകണമെങ്കിലും വല്ലപ്പോഴും കിട്ടുന്ന തനിനാടൻ ആഘോഷം പാഴാക്കാൻ ഒരുക്കമല്ലെന്ന വാശിയിലാണ് ബാച്ലേഴ്സ്. ആഘോഷം മുൻകൂട്ടിക്കണ്ട് വിഷുവിന് അവധി ഉറപ്പാക്കിയവരും കുറവല്ല. എന്തായാലും ഗൾഫ് വിഷു ഉച്ചയൂണിൽ ഒതുങ്ങില്ല. ഇന്നലെത്തന്നെ വിഷുവാഘോഷം തുടങ്ങിയവരുമുണ്ട്. വിഷുവിനു മുൻപുള്ള അവധിദിവസമായ ഇന്നലെ വിപണി സജീവമായി. 'വാട്ടർഫ്രണ്ട് മാർക്കറ്റിലെ പച്ചക്കറി മേഖലയിൽ പതിവിലും കൂടുതൽ തിരക്കനുഭവപ്പെട്ടു.

ഇന്നും അവധിയുള്ളതിനാൽ വിഷുക്കച്ചവടം കൊഴുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ബാച്‌ലേഴ്സിന്റെ ഉൾപ്പെടെ ഭക്ഷണശീലങ്ങളിൽ പച്ചക്കറി പ്രമാണിയാകുകയാണ്. ആരോഗ്യകാര്യങ്ങളിൽ പലരും കൂടുതൽ ബോധവാന്മാരാകുന്നതിനാൽ കോഴി സ്നേഹത്തിനും മങ്ങലേറ്റു തുടങ്ങി. പകരം മുട്ടയ്ക്കു ഡിമാൻഡ് കൂടിയെന്നു കച്ചവടക്കാർ പറയുന്നു. ഈ മനം മാറ്റത്തിനിടെയാണ് പച്ചക്കറി സമൃദ്ധിയോടെ വിഷുവിന്റെ കടന്നുവരവ്. കണിവെള്ളരി, പലതരം മാമ്പഴം, കുലയോടെയുള്ള ചെറുപച്ചമാങ്ങകൾ, കൈതച്ചക്ക, പടവലം, ചേന, പാവയ്ക്ക, അച്ചിങ്ങ, കുമ്പളങ്ങ, മത്തൻ, മുരിങ്ങക്കോൽ, മുരിങ്ങയില തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുന്നു. 5–10 ദിർഹത്തിന്റെ വിഷുക്കിറ്റുകളിൽ സാമ്പാറിനും അവിയലിനും ബന്ധുബലമേകാൻ ധാരാളം പച്ചക്കറികൾ.

അത്യാവശ്യം എരിശേരിക്കൂട്ടുകളും ഒപ്പിക്കാം. പതിവുകാർക്ക് നൽകാൻ സ്പെഷൽ കിറ്റുകൾ കച്ചവടക്കാർ മാറ്റിവച്ചിട്ടുണ്ട്. പരിപ്പ്, പപ്പടം, നെയ്യ്, അച്ചാർ, കൊണ്ടാട്ടം മുതലുള്ള പതിവു വിഭവങ്ങൾക്കു പുറമേ ചില നാടൻ രുചിക്കൂട്ടുകളും വിഷു സദ്യയിൽ ഇടംപിടിക്കാറുണ്ട്. പരിപ്പും മുരിങ്ങയിലയും ചേർത്തുള്ള തേങ്ങയരച്ച കറിയാണ് ഇതിലൊന്ന്. മറ്റു ചിലർക്ക് കൂട്ടുകറി നിർബന്ധം. പല നാട്ടുകാരുള്ള ബാച്‌ലർ ഫ്ലാറ്റുകളിൽ അതുകൊണ്ടുതന്നെ വിഷുവരങ്ങ് രുചികളുടെ പൂരപ്പറമ്പാകും. വടക്കൻകേരളത്തിലെ ചില മേഖലകളിൽ നിന്നുള്ളവരുടെ വിഷുസദ്യയിൽ കോഴി പ്രധാനം. ഷാർജ മാർക്കറ്റിൽ നാടൻ കോഴികൾ ധാരാളം. പണ്ടൊക്കെ വിഷുവാഘോഷത്തിനായി വീടുകളിൽ പലരും പ്രത്യേകം കോഴികളെ വളർത്തിയിരുന്നതായി അബുദാബിയിൽ അഭിഭാഷകനായ തലശേരി സ്വദേശി പി.ദീപക് പറഞ്ഞു. വടക്കൻമാരും തെക്കൻമാരും നടുക്കൻമാരും സംഗമിക്കുന്ന ഗൾഫിൽ വിഷുസദ്യ പലരുടെയും പരമ്പരാഗത സങ്കൽപങ്ങൾക്കും അപ്പുറത്താണ്.

Entertainment