• Home
  • News
  • വോട്ടിങ് പ്രക്രിയ അടുത്തറിഞ്ഞ് റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾ
indian school election

വോട്ടിങ് പ്രക്രിയ അടുത്തറിഞ്ഞ് റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾ

റാസൽഖൈമ: ഇന്ത്യ ആവേശകരമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർഥികളും വോട്ടിങ് സംവിധാനത്തെക്കുറിച്ച് അറിയണമെന്ന ലക്ഷ്യത്തോടെ റാക് ഇന്ത്യൻ പബ്ലിക് സ്കൂളിൽ വോട്ടെടുപ്പ് നടത്തി. പുതിയ കലാലയവർഷം ആരംഭിച്ച വേളയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വോട്ടിങ് സംവിധാനത്തിലൂടെ നടത്തിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചത്. ഓരോ ക്ലാസിലും മൂന്നും നാലും വിദ്യാർഥികളാണ് സ്ഥാനാർഥികളായി എത്തിയത്. പഠന, കലാകായിക മികവിന്റെ അടിസ്ഥാനത്തിൽ ചൂടേറിയ പ്രചാരണവും വോട്ടുതേടലും നടന്ന ഒരാഴ്ചയ്ക്ക് ശേഷം ഓരോ ക്ലാസ് മുറികളിലും തയ്യാറാക്കിയ പോളിങ് ബൂത്തിൽ അവർ വോട്ട്‌ രേഖപ്പെടുത്തി. ചൂണ്ടുവിരലിൽ മഷിയടയാളം. ടി.വി. യിൽ മാത്രം കണ്ടുപരിചയമുള്ള ഇത്തരം കാര്യങ്ങൾ അടുത്തറിഞ്ഞപ്പോൾ കുട്ടികൾക്ക് വലിയ ആവേശം. തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാരുടെ സഭ, അതിൽ നിന്ന് അവർ തിരഞ്ഞെടുക്കുന്ന സ്കൂൾ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നയിക്കപ്പെടുന്ന കുട്ടികളുടെ മന്ത്രിസഭ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹികശാസ്ത്രവിഭാഗത്തിന്റെയും അധ്യാപകരായ സുനിൽ ജോസ്, ഡി. രാജേഷ് എന്നിവരുടേയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്. കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും ജന്മനാടിന്റെ ബഹുസ്വരത തിരിച്ചറിയാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് സ്കൂൾ ചെയർമാൻ റെജി സ്കറിയ പറഞ്ഞു. ആവേശോജ്വലമായ കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയികളായവരെ പ്രിൻസിപ്പൽ അനുഭ നിജാവൻ അഭിനന്ദിച്ചു.

Entertainment