• Home
  • News
  • യുഎഇയിൽ മിക്ക എമിറേറ്റുകളിലും ശനിയാഴ്ച വൈകിട്ട് ശക്തമായ ഇടിമിന്നലോടെ മഴ പെയ്തു
uae rain

യുഎഇയിൽ മിക്ക എമിറേറ്റുകളിലും ശനിയാഴ്ച വൈകിട്ട് ശക്തമായ ഇടിമിന്നലോടെ മഴ പെയ്തു

ദുബായ്: ചൂടിനെ കത്തിക്കയറുവാൻ അനുവദിക്കാതെ യുഎഇയിൽ മിക്ക എമിറേറ്റുകളിലും ശനിയാഴ്ച വൈകിട്ട് ശക്തമായ ഇടിമിന്നലോടെ മഴ പെയ്തു. ദുബായ്, ഷാർജ, അബുദാബി, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ ഇടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ രാത്രി വൈകുവോളം തുടർന്നു. കഴിഞ്ഞയാഴ്ച മുതൽ രാജ്യത്ത് താപനില വർധിച്ചിരുന്നു. ശക്തമാകാൻ തുടങ്ങിയിരുന്ന ചൂടിനെ താത്കാലികമായെങ്കിലും അകറ്റുവാൻ മഴ കാരണമായി. എന്നാൽ, റോഡിലും മറ്റും മഴവെള്ളം നിറഞ്ഞുനിന്നതിനാൽ മിക്കയിടത്തും ഗതാഗത ത‌ടസ്സവും അനുഭവപ്പെട്ടു.

റൗണ്ടെബൗട്ടുകളിലും റോഡരികുകളിലും വെള്ളം കെട്ടിക്കിടന്നു. ദുബായിലെ ദെയ്റ നാഫിലും പാതകളിൽ അരയോളം വെള്ളം നിറഞ്ഞു. റാസൽഖൈമയിലെ ജബൽ ജെയിസിൽ കുത്തിയൊലിച്ച മഴവെള്ളത്തിൽപ്പെട്ട് കാർ ഒലിച്ചുപോയി. എന്നാൽ ഇതിനകത്ത് ആരെങ്കിലും പെട്ടുപോയിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് റാക് പൊലീസ് പറഞ്ഞു. ജബൽ ജെയ്സിൽ സന്ദർശകരുടെ മുന്നൂറോളം വാഹനങ്ങൾ  കുടുങ്ങിക്കിടക്കുന്നു. നാളെ(ഞായർ) രാവിലെ 11.30 വരെ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറയിലും മഴ ശക്തമാണ്. പലയിടത്തും ചെറിയ വാഹനാപകടങ്ങളും റിപോർട്ട് ചെയ്തിട്ടുണ്ട്.

Entertainment