• Home
  • News
  • 5ജി മൊബൈൽ കോൾ സാധ്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഖത്തർ
qatar first 5g

5ജി മൊബൈൽ കോൾ സാധ്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഖത്തർ

ദോഹ: ഫൈവ്‌ ജി ഹാൻഡ്‌സെറ്റിലൂടെ പ്രഥമ രാജ്യാന്തര 5ജി മൊബൈൽ കോൾ സാധ്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമെന്ന ബഹുമതി ഖത്തറിനു സ്വന്തമായി. വൊഡാഫോൺ ഖത്തറാണ്‌ സ്വന്തം 5 ജി നെറ്റ്‌വർക്കിൽ മധ്യപൂർവദേശത്തെ ആദ്യ കോൾ സാധ്യമാക്കിയത്‌. ഖത്തർ ദേശീയ മ്യൂസിയത്തിൽ നിന്ന്‌ ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സയീഫ്‌ അൽ സുലൈത്തി ജനീവയിൽ രാജ്യാന്തര ടെലികമ്യൂണിക്കേഷൻസ്‌ യൂണിയൻ (ഐടിയു) സെക്രട്ടറി ജനറൽ ഹുലിൻ ഷാവോയുമായാണ്‌ സംസാരിച്ചത്‌. ഖത്തർ കമ്യൂണിക്കേഷൻസ്‌ റഗുലേറ്ററി അതോറിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അലി അൽ മന്നായിയുടെയും വൊഡാഫോൺ ഖത്തർ ഉന്നതോദ്യോഗസ്‌ഥരുടേയും സാന്നിധ്യത്തിലായിരുന്നു സംഭാഷണം. മാർച്ച്‌ 21ന്‌ ആദ്യ 5ജി ഹോളോഗ്രാഫിക്‌ കോൾ സാധ്യമാക്കിയതിനു പിന്നാലെയാണ്‌ വൊഡാഫോൺ ഖത്തർ ആദ്യ രാജ്യാന്തര 5 ജി കോളും സാധ്യമാക്കുന്നത്‌.

ഖത്തർ ഏഷ്യൻ ഫുട്‌ബോൾ കപ്പ്‌ താരം അബ്‌ദുൽകരിം ഹസൻ ആണ്‌ ആസ്പയർ സോണിലെ കളിക്കാർക്ക് മുന്നിൽ ത്രിമാന രൂപത്തിൽ എത്തിയത്. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച്‌ ഡിസംബർ 18ന്‌ മന്ത്രി അൽ സുലൈത്തി ഖത്തറിനുള്ളിലെ ആദ്യ 5ജി കോൾ നടത്തിയിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന്‌ കത്താറയിലെ വൊഡാഫോൺ ഖത്തറിന്റെ ഓഫിസിലേക്കായിരുന്നു ആ വിളി. സംഭാഷണം സുവ്യക്‌തമായതിനാൽ ഈ വർഷം വാണിജ്യാടിസ്‌ഥാനത്തിൽ 5ജി സേവനം ലഭ്യമാക്കാനാവുമെന്ന്‌ കമ്പനി അറിയിച്ചിരുന്നു. ജനുവരിയിൽ കമ്യൂണിക്കേഷൻസ്‌ റഗുലേറ്ററി അതോറിറ്റി വൊഡാഫോൺ ഖത്തറിന്‌ 5ജി വാണിജ്യ ലൈസൻസ് നൽകി.

Entertainment