• Home
  • News
  • ദുബായിൽ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നിർബന്ധമാക്കുന്നു
uae

ദുബായിൽ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നിർബന്ധമാക്കുന്നു

ദുബായ്: ഡേകെയർ ആരോഗ്യസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടുന്നതിന് 18 മാസത്തെ സമയം നൽകി ദുബായ് ആരോഗ്യ വകുപ്പ്. ദുബായിൽ ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഇന്ത്യക്കാരി മരിച്ചതിന്റെ പിന്നാലെയാണ് ഈ തീരുമാനം. ഇതുവരെ അന്താരാഷ്ട്ര അംഗീകാരം ആശുപത്രികൾക്ക് മാത്രം മതിയായിരുന്നു. യു.എ.ഇ.യിലെ 97 ശതമാനം ആശുപത്രികളും അന്താരാഷ്ട്ര അംഗീകാരമുള്ളവയാണ്. ദുബായ് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം അടുത്ത 18 മാസത്തിനകം യു.എ.ഇ.യിലെ എല്ലാ ഡേകെയർ ആരോഗ്യകേന്ദ്രങ്ങളും ഈ അംഗീകാരം കരസ്ഥമാക്കേണ്ടി വരും. വകുപ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളുടെ സുരക്ഷിതത്വത്തിനാണ് മുഖ്യപരിഗണന നൽകുന്നതെന്നും അതിന് കോട്ടം വരുന്നതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ദുബായ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഹുമൈദ് അൽ ഖുതമി പറഞ്ഞു.

ദുബായിൽ സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കിടെ 24-കാരിയായ സ്വദേശി അബോധാവസ്ഥയിൽ ആയതടക്കമുള്ള മെഡിക്കൽ അശ്രദ്ധകൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഓരോ സംഭവങ്ങളും ഇഴകീറി പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഹെൽത്ത് റെഗുലേഷൻ വിഭാഗം സി.ഇ.ഒ ഡോ. മർവാൻ അൽ മുഅല്ല പറഞ്ഞു. 3,371 ആരോഗ്യസേവന കേന്ദ്രങ്ങളാണ് ദുബായിൽ പ്രവർത്തിക്കുന്നത്. 37 വലിയ ആശുപത്രികൾ ഇതിലുൾപ്പെടും. ഇതിൽ 97 ശതമാനത്തിനും അന്താരാഷ്ട്ര അംഗീകാരമുണ്ട്. 50 ഡേ കെയർ സർജിക്കൽ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 81 ഹോം കെയർ സെന്ററുകളും 935 ഫാർമസികളും 84 ലാബുകളും 1,212 ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യരംഗത്തെ 39,000 പ്രൊഫഷണലുകളും പ്രവർത്തിക്കുന്നു. ഇതിൽ 10,556 ഡോക്ടർമാരുണ്ട്. കഴിഞ്ഞവർഷം 3,37,000 മെഡിക്കൽ ടൂറിസ്റ്റുകൾ ദുബായിൽ സന്ദർശനം നടത്തി. ഇതിൽ 33 ശതമാനം ജി.സി.സി.യിൽ നിന്നുള്ളവരും 30 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. 600-ഓളം മെഡിക്കൽ ടൂറിസം പാക്കേജുകളും ദുബായ് നൽകിവരുന്നുണ്ട്.

Entertainment

Business