• Home
  • News
  • ബഹ്റൈനിൽ പലിശക്കാരുടെ വിളയാട്ടം; ഒട്ടേറെ മലയാളികള്‍ ദുരിതത്തിൽ

ബഹ്റൈനിൽ പലിശക്കാരുടെ വിളയാട്ടം; ഒട്ടേറെ മലയാളികള്‍ ദുരിതത്തിൽ

മനാമ ∙ പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്ത് കൊള്ളപ്പലിശക്കാർ തടിച്ചുകൊഴുക്കുന്നു. ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്പോർട്ടും കൈക്കലാക്കി, പ്രവാസിയുടെ നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് പോലും സാധ്യമാകാത്ത രീതിയിൽ ഇവിടെ പലരെയും പലിശക്കാർ കുടുക്കിയിരിക്കുന്നു. വ്യാജ രേഖകൾ ഉണ്ടാക്കിയും ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രേഖകളിൽ ഒപ്പീടിച്ചും ഇത് കോടതിയിൽ നൽകി ഇരകളെ ജയിലിലും ജീവിതകാലം മുഴുവൻ പ്രവാസത്തിലും തളച്ചിടുന്ന നിയമവിരുദ്ധ പണമിടപാട് നടത്തുന്നവരിൽ മലയാളികളും ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം മനാമയിൽ നടത്തിയ പലിശ വിരുദ്ധ ജനകീയ സംഗമത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. പലിശക്കാർക്കെതിരെ സാമൂഹിക പ്രതിബദ്ധയുള്ള മുഴുവൻ മനുഷ്യ സ്നേഹികളും ഒരുമിച്ചു മുന്നോട്ട് പോവണമെന്നും ആവശ്യപ്പെട്ടു. ബോധവൽക്കരണ സെമിനാറും അരങ്ങേറി. 

ദൈനംദിന ജീവിതത്തിൽ വന്നു ചേരുന്ന അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുവാൻ മിനിമം പലിശക്ക് പണം കടം എടുത്തവർ മുതലും പലിശയുമടക്കം വാങ്ങിയതിന്റെ നാലും അഞ്ചും ഇരട്ടി മടക്കി നൽകിയിട്ടും വീണ്ടും പണത്തിനായി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഇരകളാക്കപ്പെട്ടവർ സദസിനു മുന്നിൽ തുറന്നു പറഞ്ഞു. ഭീമമായ തുകകൾ ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളിൽ എഴുതിച്ചേർത്ത് നിയമ നടപടികൾക്ക് വിധേയമാക്കിയ സംഭവങ്ങളുടെ വിവരണങ്ങളും ഇരകളുടെ ഉള്ളുതുറന്നുള്ള കഥനകതകളും കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.

ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. പലിശ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന പലിശ വിരുദ്ധ സമിതിയുടെ ജനകീയ സംഗമങ്ങളും ബോധവൽക്കരണ സെമിനാറുകളും പലിശക്കെണിയിൽ കുടുങ്ങിയവരുടെ ഒത്തുചേരലുകളും ബഹ്റൈനിന്റെ എല്ലാ ഭാഗത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഐസിആർഎഫ് വൈസ് ചെയർമാൻ കൂടിയായ അഡ്വ. വി.കെ. തോമസ് നിയമ ബോധവൽക്കരണ പ്രഭാഷണം നടത്തി സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഫ്രാൻസിസ് കൈതാരത്ത് പ്രസംഗിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ അഡ്വ. മാധവൻ കല്ലത്ത്, പങ്കജ് നെല്ലൂർ, ഷാഫി പാറക്കട്ട, ശ്രീധർ തേറമ്പിൽ, ഷാജി കാർത്തികേയൻ, ബിനു കുന്നന്താനം, ബദറുദ്ദീൻ പൂവാർ, അബൂബക്കർ ഹാജി, നവാസ് കുണ്ടറ, അഷ്കർ പൂഴിത്തല, രാമത്ത് ഹരിദാസ്, കമാൽ മുഹിയുദ്ദീൻ, നൗഷാദ് അമ്മാനത്ത്, ലത്തീഫ് കോളിക്കൽ, സിനു കക്കട്ടിൽ, അനീഷ്, വിനു ക്രിസ്റ്റി, സുഹൈൽ, ചന്ദ്രബോസ്, സുധി പുത്തൻവേലിക്കര, ഷാഫി ബഹ്‌റൈൻ വാർത്ത തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്തു. 

പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ്, ബിനു കുന്നന്താനം എന്നിവർ പ്രസംഗിച്ചു. യോഗാനന്ദ് കഷ്മിക്കണ്ടി, ഷിബു പത്തനംതിട്ട, അനസ് റഹീം, മണിക്കുട്ടൻ, ഷാജി മൂതല, മനോജ് വടകര, ബദറുദ്ദീൻ പൂവാർ, സിബിൻ സലീം, അഷ്കർ പൂഴിത്തല എന്നിവർ നേതൃത്വം നൽകി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All