പരിമിതമല്ല; പരിധിയില്ലാത്ത ആസ്വാദനം: ഹൃദയം നിറച്ച് ഖത്തർ പുതിയ ചരിത്രം കുറിക്കുന്നു
ദോഹ∙ പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മികച്ച കാഴ്ചാനുഭവം നൽകുന്നു ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ. ഇവർക്ക് തിക്കും തിരക്കുമില്ലാതെ മത്സരം കാണാൻ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സെൻസറി മുറികൾ സജ്ജമാക്കിയത് ഖത്തറാണ്.
8 സ്റ്റേഡിയങ്ങളിൽ. സൗകര്യങ്ങൾ മിക്കതും ആദ്യമായി നടപ്പാക്കുന്നതും ഈ ലോകകപ്പിൽ തന്നെ. എല്ലാ മത്സരങ്ങളുടെയും ഓഡിയോ ഡിസ്ക്രിപ്റ്റീവ് കമന്ററി അറബിക് ഭാഷയിൽ ലഭ്യമാക്കുന്നുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ഫിഫ ലോകകപ്പ് ഖത്തർ 2022 കമ്മിറ്റി എന്നിവ ചേർന്നാണ് അൽബെയ്ത്ത്, ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളിൽ പ്രത്യേക പരിചരണം വേണ്ടവർക്കായി സെൻസറി മുറികൾ ഒരുക്കിയത്.
അസിസ്റ്റീവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമീകരിച്ചിരിക്കുന്ന മുറികളിൽ ഉച്ചത്തിലുള്ള ശബ്ദമോ ബഹളമോ ഇല്ലാതെ ശാന്തമായിരുന്ന് മത്സരങ്ങൾ ആസ്വദിക്കാം. വിദഗ്ധരായ ജീവനക്കാരാണ് ഇവിടെയുള്ളത്. തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി മൊബൈൽ സെൻസറി മുറികളും രാജ്യത്തുടനീളം സജ്ജമാക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ ലോകകപ്പ് സാംസ്കാരിക പരിപാടികൾ നടക്കുന്ന കോർണിഷ്, അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മൊബൈൽ സെൻസറി മുറികളുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.