ടിവിയിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
ദോഹ∙ ആഗോള തലത്തിൽ ടെലിവിഷൻ ചാനലുകളിലൂടെ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നവംബർ 27ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിൽ നടന്ന ഗ്രൂപ്പ് മത്സരം ഏഷ്യയിൽ ടെലിവിഷനിലൂടെ കണ്ടത് ശരാശരി 36.37 ദശലക്ഷം പേരാണ്.
ജർമനിയെ ജപ്പാൻ അട്ടിമറിച്ച മത്സരം കണ്ടവരേക്കാൾ 10 ദശലക്ഷത്തിലധികം പേർ കൂടുതൽ. 2018ലെ റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശരാശരി കാഴ്ചക്കാരേക്കാൾ 74 ശതമാനം വർധനവാണ് ഇത്തവണയുള്ളത്. നവംബർ 24ന് കൊറിയയും ഉറുഗ്വെയും തമ്മിൽ നടന്ന ഗ്രൂപ്പ് മത്സരം കണ്ടത് 11.14 ദശലക്ഷം പേരാണ്. 2014ൽ ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 97 ശതമാനവും റഷ്യൻ ലോക കപ്പിലേതിനേക്കാൾ 18 ശതമാനവുമാണ് വർധന.
യൂറോപ്പിലും ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ കണ്ടവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. സ്പെയിനിൽ 65 ശതമാനം പേരും നവംബർ 28ലെ ജർമനി- സ്പെയിൻ മത്സരം കണ്ടവരാണ്. ലാ 1, ഗോൾ മുണ്ടിയൽ എന്നിവയിൽക്കൂടി 11.9 ദശലക്ഷം പേരാണ് ഈ മത്സരം കണ്ടത്. 2018 ലെ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റേതു മത്സരത്തേക്കാളും കൂടുതൽ കാഴ്ചക്കാരാണ് ഈ മത്സരത്തിനുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നെതർലൻഡിൽ ടെലിവിഷൻ കാണുന്നവരിൽ 76.6 ശതമാനം പേരും ഇക്വഡോർ- നെതർലന്റ് മത്സരം കണ്ടു. ഈ വർഷം നെതർലന്റിൽ ഏറ്റവുമധികം പേർ കണ്ട ടെലിവിഷൻ പ്രോഗ്രാം കൂടിയാണിത്. ഫ്രാൻസിൽ ഡെൻമാർക്കുമായുള്ള മത്സരം ടിഎഫ്1 ചാനലിലൂടെ കണ്ടത് 11.6 ദശലക്ഷം പേർ. മത്സരം അവസാന മിനിറ്റുകളിലേക്ക് കടക്കവെ കാഴ്ചക്കാരുടെ എണ്ണം 14.56 ദശലക്ഷമായി ഉയർന്നിരുന്നു. ഫ്രാൻസും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരം കണ്ടത് 14 ദശലക്ഷം പേരായിരുന്നു.
പോർച്ചുഗലിൽ ഉറുഗ്വേക്കെതിരായ ടീം മത്സരമാണ് ഏറ്റവുമധികം പേർ കണ്ടത്. ഇതുവരെയുള്ള ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവുമധികം പേർ കണ്ടതും ഈ മത്സരം തന്നെ. പോർച്ചുഗലിലെ 5.35 ദശലക്ഷം കാഴ്ചക്കാർ കുറഞ്ഞത് ഒരു മിനിറ്റെങ്കിലും മത്സരം ടെലിവിഷനിലൂടെ കണ്ടവരാണ്. യുഎസിലും മത്സരം കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.