പായ്ക്കപ്പൽ മ്യൂസിയം തുറന്നു
ദോഹ∙ കത്താറ കൾചറൽ വില്ലേജിൽ പരമ്പരാഗത പായ്ക്കപ്പൽ മ്യൂസിയത്തിന്റെ പ്രവർത്തനം തുടങ്ങി. ഖത്തറിലെയും ഗൾഫ് മേഖലയിലെയും പൂർവികർ മീൻപിടിത്തം, മുത്തുവാരൽ, ചരക്കു ഗതാഗതം, വ്യാപാരം, യാത്ര എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന കപ്പലുകൾ, മുങ്ങൽ ഉപകരണങ്ങൾ, ബോട്ടുകൾ, കടൽയാത്രികർ അക്കാലത്ത് ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കൾ, തടിക്കപ്പലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡുകൾ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്.
സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട എല്ലാം വസ്തുക്കളും പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മ്യൂസിയത്തിൽ പൂർവികർ ഉപയോഗിച്ചിരുന്ന പരമ്പരാഗത കപ്പലുകളുടെ മോഡലുകളുമുണ്ട്. 12-ാമത് കത്താറ പരമ്പരാഗത പായ്ക്കപ്പൽ മേളയുടെ ഭാഗമായി കൂടി സ്ഥാപിച്ച ഇവിടെ പ്രകൃതിദത്ത മുത്തുകളും സംസ്കരിച്ച മുത്തുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മ്യൂസിയം സന്ദർശിക്കാനുള്ള അവസരമുണ്ടാകും.
മുത്തുവാരലിന്റെ വിവിധ രീതികളും മുങ്ങൽ വിദഗ്ദ്ധർ മുത്തുകൾ വാരുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പുരാതന രീതികളും കാണാനും മനസ്സിലാക്കാനുമുള്ള അവസരമാണ് മ്യൂസിയം നൽകുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.