അവധി അവസാനിച്ചു, ഒമാനിൽ ജനജീവിതം സാധാരണഗതിയിലേക്ക്
മസ്കത്ത് : ഒമാന്റെ 52ാമത് ദേശീയ ദിന അവധി അവസാനിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടക്കം എല്ലാ സ്ഥാപനങ്ങളും ഞായറാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങും. ഇതോടെ രാജ്യം സാധാരണ ഗതിയിലെത്തും. കഴിഞ്ഞ നാല് ദിവസങ്ങളായി ഒമാനിലെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു.
ഒമാനിൽ ദേശീയ അവധിക്കൊപ്പം യു.എ.ഇ ദേശീയ ദിന അവധിയും ഒന്നിച്ചുവന്നത് അതിർത്തികളിലും ചെക് പോസ്റ്റിലും വൻ തിരക്കിന് കാരണമായി. അവധി ആഘോഷിക്കാൻ ഒമാനിൽനിന്ന് യു.എ.ഇയിലേക്ക് പോയവർ തിരിച്ചുവരുന്ന തിരക്കും യു.എ.ഇയിലുള്ളവർ ഒമാനിലേക്ക് അവധി ആഘോഷിക്കാനെത്തുന്ന തിരക്കും ഒന്നിച്ചെത്തിയതോടെ ചെക് പോസ്റ്റുകളിൽ നീണ്ട വാഹനനിര പ്രത്യക്ഷപ്പെട്ടു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസം തുടർച്ചയായി അവധി ലഭിച്ചത് കാരണം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും കോവിഡ് ഭീതി പൂർണമായി ഒഴിഞ്ഞതും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായി. പ്രധാന സൂഖുകളിലും ബീച്ചുകളിലും പാർക്കുകളിലുമെല്ലാം തിരക്ക് വർധിച്ചതോടെ ഒമാനിലെ വിവിധ കെട്ടിടസമുച്ചയങ്ങൾക്കും മറ്റും സമീപമുള്ള പാർക്കിങ് ഏരിയകളും കഴിഞ്ഞ നാലു ദിവസങ്ങളിൽ ഒഴിഞ്ഞുകിടന്നിരുന്നു
ഒമാനിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് കഴിഞ്ഞ നാല് ദിവസങ്ങളിലും അനുഭവപ്പെട്ടത്. പാർക്കുകളിലും ബീച്ചുകളിലും പൊതുജനങ്ങൾ തിങ്ങിനിറഞ്ഞത് ഉത്സവാവേശം ഉയർത്തി. മത്ര കോർണിഷിലും മത്ര സൂഖിലും നിന്നുതിരിയാൻ ഇടമില്ലാതായി. മത്ര കോർണിഷിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. സാധാരണക്കാർക്കും സ്വന്തമായി വാഹനമില്ലാത്തവർക്കും എത്തിപ്പെടാൻ കോർണീഷ് ഏറെ സൗകര്യമായതിനാലാണ് കോർണിഷിൽ തിരക്ക് വർധിക്കുന്നത്. കോർണിഷിൽ വെള്ളിയാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടതിനാൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. റുസൈൽ പാർക്, അമിറാത്ത് പാർക്ക്, നസീം ഗാർഡൻ, ഖുറം നാച്യുറൽ പാർക്ക് അടക്കമുള്ള എല്ലാ പാർക്കുകളിലും ഖുറം ബീച്ച്, അസൈബ ബീച്ച് അടക്കമുള്ള എല്ല ബീച്ചുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മസ്കത്ത് പാലസ്, ഖുറിയാത്ത് ഡാം, ഖുറിയാത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിങ്ക് ഹോൾ, സൂറിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ നിസ്വ, ജബൽ അഖ്ദർ, നകൽ, ബഹ്ല, വദീബനീ ഖാലിദ് തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അവധിക്കാലത്ത് അനുഭവപ്പെട്ടത്.
അവധിയാഘോഷത്തിെൻറ ഭാഗമായി പിക്നിക്കുകളും നടന്നിരുന്നു. ഒരേ കെട്ടിടത്തിലും മറ്റും താമസിക്കുന്നവരും പ്രാദേശിക കൂട്ടായ്മകളും കുടുംബങ്ങളും മറ്റും ഒത്തുചേർന്നാണ് പിക്നിക്കുകൾ സംഘടിപ്പിക്കുന്നത്. ഇപ്പോൾ പിക്നിക്കുകൾക്ക് ഫാംഹൗസുകളാണ് പലരും തെരഞ്ഞെടുക്കുന്നത്. ഇതോടെ ഫാം ഹൗസുകൾക്ക് ഡിമാൻഡും വർധിച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതോടെ ഫാം ഹൗസുകളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ ഒരു ദിവസത്തേക്ക് 70ഉം 80ഉം റിയാലായിരുന്നു നിരക്ക്. ഈ സീസണിൽ നിരക്ക് 120 റിയാലായി ഉയർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫാംഹൗസുകളുള്ളത് മുസന്നയിലാണ്. ഈ മേഖലയിലെ ഫാം ഹൗസുകൾ നേരത്തേതന്നെ ബുക്ക് ചെയ്തുകഴിഞ്ഞിരുന്നു. ഫാം ഹൗസുകൾക്ക് ഡിമാൻഡ് ഏറെ വർധിച്ചിട്ടുണ്ടെന്നും അവധി ആഘോഷിക്കാനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമുള്ളതിനാൽ നിരവധി പേർ ഈ അവധിക്കാലത്ത് ഫാം ഹൗസുകൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നതായും മേഖലയിൽ പ്രവർത്തിക്കുന്ന വടകര, പൈങ്ങോട്ടായി സ്വദേശി പി.സി. മുഹമ്മദ് പറഞ്ഞു. ഫാം ഹൗസുകൾക്ക് ഡിമാൻഡ് വർധിച്ചതോടെ നിരവധി പുതിയ ഫാം ഹൗസുകൾ നിർമാണം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.