നവീകരിച്ച സൽമാനിയ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു
മനാമ: നവീകരിച്ച സൽമാനിയ അത്യാഹിത വിഭാഗം ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ മേജർ ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ നിരവധി നവീകരണങ്ങളും മാറ്റങ്ങളുമാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ പൊതു, സ്വകാര്യ ആശുപത്രികളും ഹെൽത്ത് സെന്ററുകളും ഒരുപോലെ പങ്കാളികളാകും. സൽമാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം അനുഭവിച്ചിരുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ നവീകരണത്തിലൂടെ സാധ്യമായിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭിക്കാനും പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സ്പെഷലിസ്റ്റ് ഡിപ്പാർട്മെന്റുകളിലടക്കം മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് വ്യക്തമാക്കി. വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് പദ്ധതികളാവിഷ്കരിച്ച് മുന്നോട്ടുപോകുന്നതായും അവർ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.