ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയ ഇനി ഹിന്ദ് സിറ്റി; ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയയും പരിസര പ്രദേശങ്ങളും ഇനി ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും. മേഖലയെ പുനര്‍നാമകരണം ചെയ്‍ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. നാല് സോണുകളും എമിറേറ്റ്സ് റോഡ്, ദുബൈ - അല്‍ഐന്‍ റോഡ്, ജബല്‍ അലി - ലെഹ്‍ബാബ് റോഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളും ഉള്‍പ്പെടുന്നതാണ് ഹിന്ദി സിറ്റി.
ഓരോ സോണുകള്‍ക്കും ഹിന്ദ് - 1, ഹിന്ദ് - 2, ഹിന്ദ് - 3, ഹിന്ദ് - 4 എന്നിങ്ങനെ പേര് നല്‍കും. ആകെ 83.9 ചതുരശ്ര കിലോമീറ്ററാണ് ഹിന്ദ് സിറ്റിയുടെ വിസ്‍തീര്‍ണം. സ്വദേശികള്‍ക്കായുള്ള ഭവന മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശമെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.
വിവിധ മേഖലകളുടെയും പദ്ധതികളുടെയും പേര് മാറ്റം യുഎഇയില്‍ ഇതാദ്യമല്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ ഖലീഫയുടെ ആദ്യത്തെ പേര് ബുര്‍ജ് ദുബൈ എന്നായിരുന്നു. എന്നാല്‍ അന്നത്തെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ പേരിലാണ് പിന്നീട് ബുര്‍ജ് ഖലീഫ എന്നാക്കി പേര് മാറ്റിയത്. കഴിഞ്ഞ വര്‍ഷമാണ് ശൈഖ് ഖലീഫ അന്തരിച്ചത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.