ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കൂടും
ദോഹ: ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് വില വർധിക്കും. ജനുവരിയിൽ ഒരു ലിറ്റർ പ്രീമിയം പെട്രോളിന് 1.95 ഖത്തർ റിയാലായിരുന്നത് ഇന്നുമുതൽ രണ്ടു റിയാലാകും. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും ജനുവരിയിലെ അതേ വില തുടരും. ഇതനുസരിച്ച്, സൂപ്പർ ഗ്രേഡ് പെട്രോൾ ഒരു ലിറ്ററിന് 2.10 റിയാലായിരിക്കും. ഡീസലിന് ഫെബ്രുവരിയിലും ഒരു ലിറ്ററിന് 2.05 റിയാൽ എന്ന നിരക്ക് തുടരും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡീസലിന്റെയും സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
പ്രീമിയം പെട്രോളിന്റെ വിലയിലാണ് വ്യത്യാസം. ഇത് 1.90 റിയാലിനും 2.05 റിയാലിനുമിടയിലാണ് ഇക്കാലയളവിൽ മാറ്റമുണ്ടായത്. കഴിഞ്ഞ മാർച്ചിനും ഈ ഫെബ്രുവരിക്കുമിടയിലാണ് ഈ വ്യത്യാസം. പ്രീമിയം പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവക്ക് ഡിസംബറിലെ അതേ വിലയായിരുന്നു ജനുവരിയിലും. പ്രീമിയം പെട്രോളിന് നവംബറിൽ രണ്ടു റിയാലുണ്ടായിരുന്നത് ഡിസംബറിൽ 1.95 റിയാലായി കുറയുകയായിരുന്നു.
2022 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും രണ്ടു റിയാലായിരുന്നത് ജൂണിൽ 1.95 റിയാലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 1.90 റിയാലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 1.95 റിയാലും ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും 2022 മാർച്ച് മുതൽ യഥാക്രമം 2.10 റിയാൽ, 2.05 റിയാൽ എന്ന വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര മാർക്കറ്റ് റേറ്റ് അനുസൃതമായി ഊർജ മന്ത്രാലയം ഇന്ധന വില നിർണയിക്കാൻ തുടങ്ങിയത് 2017 സെപ്റ്റംബർ മുതലാണ്. ഖത്തർ എനർജിയാണ് പ്രതിമാസ വില പ്രഖ്യാപിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.